File Image: Reuters

  • ഇറാനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളിലൊന്ന് സമുദ്രാതിര്‍ത്തിക്കുള്ളില്‍ പതിച്ചുവെന്നും ഏത് ഭീഷണിയും നേരിടാന്‍ യുഎഇ സജ്ജമാണെന്നും അധികൃതര്‍

ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമിച്ചുവെന്നും ഇതിലൊന്ന് തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ പതിച്ചുവെന്നും യുഎഇ. ഇന്നലെ രാത്രിയോടെയാണ് പൗരന്‍മാര്‍ക്ക് യുഎഇ മിസൈല്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയത്. ജനവാസ മേഖലയെ ലക്ഷ്യമിട്ടുള്ള മിസൈലുകളിലൊന്ന് വ്യോമപ്രതിരോധം നിര്‍വീര്യമാക്കിയെന്നും എക്സ് പോസ്റ്റില്‍ നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. 'മിസൈല്‍ ഭീഷണി വ്യോമപ്രതിരോധം സ്ഥിരീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ തുടരുക. ഔദ്യോഗികമായ അറിയിപ്പുകള്‍ മാത്രം സ്വീകരിക്കുകയും അതനുസരിക്കുകയും ചെയ്യുക' എന്നായിരുന്നു സന്ദേശം. പശ്ചിമേഷ്യയില്‍ ഇറാനും യുഎസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. 

ഇറാനില്‍ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളിലൊന്ന് സമുദ്രാതിര്‍ത്തിക്കുള്ളില്‍ പതിച്ചുവെന്നും ഏത് ഭീഷണിയും നേരിടാന്‍ യുഎഇ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അബുദാബിയിലെ നാഷനല്‍ ഓയില്‍ കമ്പനി കപ്പലിന് നേരെ ഹോര്‍മുസില്‍ വച്ച് ഇറാന്‍ ആക്രമണം നടത്തിയതായി യുഎഇ നേരത്തേ ആരോപിച്ചിരുന്നു. പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കണമെന്നും ശത്രുത മറന്ന് ഹോര്‍മുസിലൂടെ സുരക്ഷിത പാത അനുവദിക്കണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ സാമ്പത്തിക–വ്യപാര ബന്ധങ്ങളും നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎഇ പ്രഖ്യാപിച്ചു. സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി കണക്കിലെടുത്താണ് തീരുമാനമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അഫ്ര അല്‍ ഹമേലി അറിയിച്ചു. രാജ്യാന്തര സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും രാജ്യാന്തര നിയമങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

The United Arab Emirates reported that ballistic missiles launched by Iran crossed into its territorial waters, prompting immediate missile alert warnings and emergency measures by the National Emergency Crisis and Disaster Management Authority. Following the escalation and prior maritime tensions in the Strait of Hormuz, the UAE Ministry of Foreign Affairs announced the complete suspension of all economic and trade relations with Iran. Officials emphasized that the decisive step was taken to safeguard national security, protect the international economy, and counter ongoing regional threats.