• സംവരണാര്‍ഹരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നും സമാന കേസുകള്‍ അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതിയും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

വഖഫ് ബോര്‍ഡ് വിഷയത്തില്‍ കരുതലോടെ നീങ്ങാന്‍ മുസ്​ലിം ലീഗ് നിര്‍ദേശം. നിലവിലെ ഭരണസമിതി പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങളില്‍ അവധാനതയോടെ നീങ്ങാനാണു പാര്‍ട്ടി വകുപ്പുമന്ത്രിക്കു നിര്‍ദേശം നല്‍കിയത്. അതേസമയം സംവരണാര്‍ഹരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നും സമാന കേസുകള്‍ അടുത്ത ദിവസങ്ങളില്‍ സുപ്രീം കോടതിയും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംവരണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്നു ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു സര്‍ക്കാര്‍ നടപടി.

നിലവിലെ ഭരണസമിതിയെ പുനഃസംഘടിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഹൈക്കോടതി ജൂലൈ 21നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തിടുക്കപെട്ടുള്ള പുനഃസംഘടന തിരിച്ചടിയാകുമെന്നാണു ലീഗിന്റെ വിലയിരുത്തല്‍. അടിക്കടി വിവാദമുണ്ടാകുന്നത് കൂടി കണക്കിലെടുത്തതോടെ അവധാനതയോടെ മുന്നോട്ടു നീങ്ങിയാല്‍ മതിയെന്നു പാര്‍ട്ടി വകുപ്പ് മന്ത്രിക്കു നിര്‍ദേശം നല്‍കിയത്. പുനഃസംഘടയില്‍ സംവരണതത്വങ്ങള്‍ പാലിക്കേണ്ടിവരും. ഇക്കാര്യം മനസിലാക്കിയാണ് പിരിച്ചുവിടാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കാലേകൂട്ടി വെല്ലുവിളിച്ചതെന്നാണു വിലയിരുത്തല്‍.

അതേസമയം സംവരണം ആവശ്യപെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജടക്കം നല്‍കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ എതിര്‍ സത്യാവാങ്മൂലം നല്‍കി. ഷിയ, ബോറ, അഖാനി, തുടങ്ങിയ മുസ്​ലിം വിഭാഗങ്ങളിലെ സംവരാണാര്‍ഹരെ കണ്ടെത്താന്‍ നടപടി തുടങ്ങിയെന്നാണു സത്യവാങ്മൂലം. അമുസ​്ലിംകളില്ലാതെ ബോര്‍ഡ് പുനസംഘടിപ്പിച്ച തമിഴ്നാട് സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന കേസ് 24നും  വഖഫ് നിയമഭേദഗതിയുമായി ബന്ധപെട്ട് കേരള സര്‍ക്കാരും സമസ്തയും മുസ്​ലിം ലീഗുമടക്കം നല്‍കിയ ഹര്‍ജികള്‍ 25നും സുപ്രീം കോടതി പരിഗണിക്കുന്നതും സത്യവാങ്മൂലം വഴി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലെ ബോര്‍ഡിന്റെ രൂപീകരണത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന വാദം സത്യവാങ്മൂലത്തിലും സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ട്. സമാന വിഷയങ്ങള്‍ സുപ്രീം കോടതിയുടെ കൂടി പരിഗണനയില്‍ ഉളളതിനാല്‍ ഹൈക്കോടതി എന്തു തീരുമാനമെടുക്കുന്നത് ഏറെ നിര്‍ണായകമാണ്.

ENGLISH SUMMARY:

The Indian Union Muslim League has urged administrative caution regarding the Kerala Waqf Board restructuring process. Concurrently, the state government filed a counter-affidavit in the High Court addressing petitions for reservation, noting that similar legal challenges and constitutional questions are slated for review before the Supreme Court.