മരിച്ച ആന്‍സിജി

നെയ്യാറ്റിന്‍കര സ്വദേശി ആന്‍സിജിയുടെ മരണത്തില്‍ നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍  ഷീജ അറസ്റ്റില്‍. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നിരുന്നു

 

കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടി  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. 

കരുങ്കല്‍ ബെത്‌ലഹേം സ്വകാര്യ നഴ്സിംഗ് കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആന്‍സിജി. വെള്ളിയാഴ്ചയാണ് ആന്‍സിജി കോളജിന്‍റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടിയത്. നിയന്ത്രണം മറികടന്ന് കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക പരസ്യമായി ശാസിച്ചിരുന്നു

 

സാരമായി പരുക്കേറ്റ ആന്‍സിജിയെ മാര്‍ത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ കോളേജ് ഹോസ്റ്റലിൽ നിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിനെതിരെ വിദ്യാർഥികള്‍ സമരം ചെയ്തിരുന്നു. ഇതിന്‍റെ പേരില്‍ കോളജ് മാനേജ്മെന്‍റ്  വിവിധ രീതിയിൽ സമ്മർദം നൽകിയിരുന്നുവെന്നാണ് പരാതി. 

 

ആൻസിജിയുടെ മാതാപിതാക്കൾ കരുങ്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സമരം ചെയ്തതിന്‍റെ പേരില്‍ മാനേജ്മെന്‍റ് പ്രതികാര നടപടി സ്വീകരിച്ചെന്ന ആക്ഷേപവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തില്‍ മാനേജ്മെന്‍റ് പ്രതികരിക്കാന്‍ തയാറായിട്ടില്ല.  

ENGLISH SUMMARY:

Nursing student death sees college principal arrested in a significant development. The arrest follows allegations of mental harassment leading to the student's fatal fall, prompting an investigation into the circumstances surrounding her death.