Image credit: x
ഭീരുക്കളെ പോലെ ഭയന്ന് മാളത്തിലൊളിച്ചിരിക്കുന്നുവെന്ന അമേരിക്കയുടെ ആക്ഷേപങ്ങളെ പരിഹസിച്ച് ഇറാന്‍റെ ഭരണനേതൃത്വം തെരുവില്‍ ജനങ്ങള്‍ക്കൊപ്പം. ഇറാന്‍ വാര്‍ത്താ ഏജന്‍സികളാണ് പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍, വിദേശകാര്യമന്ത്രി അബ്ബാസ് അറ്ഗചി, ദേശീയ സുരക്ഷാസമിതി മേധാവി അലി ലരിജാനി എന്നിവര്‍ സൈനികത്തലവന്‍മാര്‍ക്കൊപ്പം ടെഹ്റാനിലൂടെ നടന്ന് നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റമസാനിലെ അവസാനത്തെ വെള്ളി ഖുദ്സ് ദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ടെഹ്റാനില്‍ നടന്ന കൂറ്റന്‍ റാലിയിലാണ് അമേരിക്കയ്ക്കും ഇസ്രയേലുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചും പെസഷ്കിയനും സംഘവും മാര്‍ച്ച് ചെയ്തത്. ഇറാന് വ്യോമസേനയില്ലെന്നും അവരുടെ ആകാശത്ത് തങ്ങള്‍ സ്വൈര്യവിഹാരം നടത്തുകയാണെന്നും ടെഹ്റാനില്‍ കനത്ത ആക്രമണമാണ് നടത്തുന്നതെന്നുമായിരുന്നു അമേരിക്കയുടെ വാദം. ആയിരക്കണക്കിന് ജനങ്ങള്‍ മാര്‍ച്ചില്‍ പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. Also Read: ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടെന്ന് ട്രംപ്
ഇറാന്‍റെ ഭരണനേതൃത്വം എലികളെപ്പോലെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ബങ്കറുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഭയമാണെന്നുമായിരുന്നു യുഎസ് സെക്രട്ടറി ഓഫ് വാര്‍ പീറ്റ് ഹെഗ്സെത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. ഇതിന് മറുപടിയായി അലി ലരിജാനി തന്നെ രംഗത്തെത്തി. 'മിസ്റ്റര്‍ ഹെഗ്സെത്, ഞങ്ങളുടെ നേതാക്കള്‍ എല്ലായ്പ്പോഴും, ഇപ്പോഴും ജനങ്ങള്‍ക്ക് നടുവിലാണ്. പക്ഷേ നിങ്ങളുടെ നേതാക്കളോ? അവര്‍ എപ്സ്റ്റൈന്‍ ദ്വീപിലാണ്' എന്നായിരുന്നു ലരിജാനിയുടെ പരിഹാസം. ജനങ്ങളുമായി സംസാരിച്ച് നടന്ന് നീങ്ങുന്നതിന്‍റെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെയും വിഡിയോയടക്കം ലരിജാനി പുറത്തുവിട്ടു. Read More: ദോഹയില്‍ ഒഴിപ്പിക്കല്‍? ഇറാന്‍ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപൊളിയും; അമേരിക്ക കരയുദ്ധത്തിന്?
ഇറാന്‍റെ ജുഡീഷ്യറി തലവനായ ഘോലം ഹുസൈന്‍ മൊഹ്സാനി ഇജെയ്യും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അദ്ദേഹം നില്‍ക്കുന്നതിന് സമീപത്തായി മിസൈല്‍ ആക്രമണം ഉണ്ടായിട്ടും സ്ഥലത്ത് പിന്ന് പിന്‍വാങ്ങാതെയായിരുന്നു സംസാരം. നിലവില്‍ ഇറാന്‍റെ ഭരണച്ചുമതലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ കൂടിയാണ് മൊഹ്സാനി.
കടുത്ത നിരാശയില്‍ നിന്നാണ് ഇസ്രയേലും അമേരിക്കയും ആക്രമണം തുടരുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി ആരോപിച്ചു.അതേസമയം, റാലിയിലെങ്ങും ഇറാന്‍റെ പരമോന്നത നേതാവായ മുജ്തബ ഖമനയി പ്രത്യക്ഷപ്പെട്ടില്ല. പരുക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ് മുജ്തബ. എന്നാല്‍ മുജ്തബയ്ക്ക് സാരമായ പരുക്കേറ്റുവെന്നും അംഗവൈകല്യം സംഭവിച്ചുവെന്നാണ് കരുതുന്നതെന്നുമായിരുന്നു പീറ്റ് ഹെഗ്സെതിന്‍റെ പ്രതികരണം.
1979 ല്‍ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെയാണ് ഇറാന്‍ ആദ്യ പരമോന്നത നേതാവായ റുഹള്ള ഖൊമെയ്നി ഖുദ്സ് ദിനം ആചരിക്കാന്‍ അണികളോട് ആവശ്യപ്പെട്ടത്. റമസാനിലെ അവസാന വെള്ളിയില്‍ നടക്കുന്ന ഈ റാലിയില്‍ ഇറാന് പുറമെയുള്ള ഗള്‍ഫ് നാടുകളിലും പലസ്തീനെ അനുകൂലിച്ചും ഇസ്രയേലിനെ എതിര്‍ത്തും പ്രകടനം നടക്കാറുണ്ട്. വരും ദിവസങ്ങളില്‍ യുദ്ധം തീവ്രമാകുമെന്നും ആയുധം വച്ച് കീഴടങ്ങാന്‍ തയാറാകണമെന്നും യുഎസ് പ്രസിഡന്‍റ് ഇറാന്‍ സൈന്യത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചത്.