Image Credit:x/INDOPACOM

Image Credit:x/INDOPACOM

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലും ഇസ്രയേലിലും ഇറാന്‍ കനത്ത ആക്രമണം തുടരുന്നതിനിടെ അമേരിക്കന്‍ കപ്പലായ യുഎസ്​എസ് ട്രിപൊളി ഇറാനിലേക്ക് തിരിച്ചു. 2500 ലേറെ യുഎസ് സൈനികര്‍ക്കാണ് ഇറാനിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്‍ഡോ പസഫിക് കമാന്‍ഡിലെ 31st മറീന്‍ എക്സ്പഡേഷനറി യൂണിറ്റിനാണ് ചുമതല. ഹോര്‍മുസില്‍ പ്രതിസന്ധി കനത്തതോടെയാണ് യുഎസ് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ അഭ്യര്‍ഥന പ്രകാരമാണ് യുഎസ്എസ് ട്രിപൊളിയെ അയയ്ക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉത്തരവിട്ടതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു. 

അയ്യായിരത്തോളം നാവികരും നിരവധിക്കപ്പലുകളുമാണ് ഇതിനൊപ്പം സാധാരണഗതിയില്‍ ഉണ്ടാവുക. ഇതില്‍ പകുതിപ്പേര്‍ക്കാണ് ഇറാനിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചത്. എഫ്–35 ലൈറ്റനിങ് II, ബെല്‍ബോയിങ് , V22 ഒസ്പ്രേ വിമാനം എന്നിവയടക്കമാണ് ഈ യൂണിറ്റിലുള്ളത്. നിരവധി പടക്കപ്പലുകളും രണ്ട് ട്രാന്‍സ്പോര്‍ട്ട് ഡോക്ക്ഷിപ്പും യുദ്ധക്കോപ്പുകളും യുഎസ്എസ് ട്രിപൊളി പോലെയുള്ള കപ്പലുകളിലുണ്ടാകും. എന്നാല്‍ മധ്യപൂര്‍വദേശത്തെ യുഎസ് സൈനിക സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും സ്ഥിതി വഷളായാല്‍ വേണ്ട നടപടി സ്വീകരിക്കാനുമാണ് കപ്പല്‍ അയയ്ക്കുന്നതെന്നാണ് യുഎസ് അധികൃതര്‍ വിശദീകരിക്കുന്നത്.

വേണ്ടി വന്നാല്‍ വ്യോമാക്രമണം നടത്താനും വ്യോമത്താവളത്തിന്‍റെ സഹായമില്ലാതെ തന്നെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ യുഎസ്എസ് ട്രിപൊളിയിലുണ്ട്. കപ്പലെത്തുന്നതോടെ പേര്‍ഷ്യന്‍ ഗള്‍ഫിലും അറബിക്കടലിലും പരിസരങ്ങളിലും യുഎസ് സൈന്യത്തിന് നീക്കങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.

അതേസമയം, ദോഹയിലെ വിവിധയിടങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് യുഎസ് സര്‍വകലാശാലകളുടെ ക്യാംപസുകളിലെ ആളുകളെയാണ് ഒഴിപ്പിച്ചതെന്നാണ് സൂചന. ദോഹ എജ്യുക്കേഷന്‍ സിറ്റിയിലാണ് ക്യാംപസ് സ്ഥിതി ചെയ്തിരുന്നത്. യുഎസ് ബന്ധമുള്ള ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ഒഴിപ്പിക്കലെന്നാണ് സൂചന. 

ENGLISH SUMMARY:

US ordered the deployment of USS Tripoli and 2,500 Marines from the 31st Marine Expeditionary Unit to the Middle East as the conflict with Iran escalates. Following threats from Tehran, reports emerged of evacuations from US university campuses in Doha’s Education City. US Defense Secretary Pete Hegseth authorized the move to strengthen regional presence and counter threats in the Strait of Hormuz. The fleet includes F-35 Lightning II jets and advanced warships