സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. പ്രധാനമന്ത്രിയും മന്ത്രിമാരും ആറ് രാജ്യങ്ങളിലെ ചീഫ് ജിസ്റ്റുസുമാരും ചടങ്ങിൽ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചടങ്ങിനെത്തിയില്ല.
ജസ്റ്റിസ് ബിആര്‍ ഗവായ് വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേൽക്കുന്നത്. ഹരിയാന ഹിസാറിലെ കർഷക കുടുംബത്തിൽ ജനിച്ച സൂര്യകാന്ത് 2018 ൽ ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസായിരുന്നു. 2019 സുപ്രീംകോടതി ജഡ്ജിയായി. 2027 ഫെബ്രുവരി 9 വരെ ജസ്റ്റിസ് സൂര്യകാന്തിനു ചീഫ് ജസ്റ്റിസ് പദവിയിൽ തുടരും. കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികളുൾപ്പെടെ പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്.
സത്യപ്രതിജ്ഞ ചടങ്ങിൽ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ തുടങ്ങിയവർ പങ്കെടുത്തു. ഭൂട്ടാന്‍, മലേഷ്യ, കെനിയ, മൗറീഷ്യസ്, നേപ്പാള്‍, ശ്രീലങ്ക ചീഫ് ജസ്റ്റിസുമാരും ജഡ്ജിമാരും ചടങ്ങിന്റെ ഭാഗമായി. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചടങ്ങിൽ പങ്കെടുത്തില്ല. ഭരണഘടനയെ കുറിച്ച് വാചാലരാവുന്ന പ്രതിപക്ഷം ഇത്തരം ചടങ്ങിൽ നിന്ന് വിട്ടുനില്‍ക്കുന്നുവെന്ന് ബി.ജെ.പി വിമർശിച്ചു.