തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി അംഗങ്ങള്‍ ദൈവങ്ങളുടെ നാമത്തിലും ബലിദാനികളുടെ നാമത്തിലും സത്യപ്രതി ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സിപിഎം. മുന്‍സിപ്പല്‍ ആക്ടിന്‍റെ ലംഘനമാണ് നടന്നതെന്നും നാളെ കോടതിയെ സമീപിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചുകൊള്ളട്ടേ എന്ന് വി.മുരളീധരനും പ്രതികരിച്ചു.
ശ്രീ പത്മനാഭ സ്വാമിയുടെ നാമത്തിലും അയ്യപ്പ നാമത്തിലും ഗുരുദേവനാമത്തിലും മാത്രമല്ല ബലിദാനികളുടെ നാമത്തിലും തിരുവനന്തപുരം കോര്‍പറേഷനിലെ 20 ബിജെപി കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്‍ഞ ചെയ്തിരുന്നു. ഇതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സിപിഎം സമീച്ചിരിക്കുന്നത്. ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്യാനും ദൃഢപ്രതിഞ്ജയെടുക്കാനും മാത്രമാണ് ഭരണഘടനാപരമായി സാധ്യമെന്നും ദൈവങ്ങളുടെ പ്രത്യേകം പേര് പറഞ്ഞ് സത്യപ്രതിഞ്ജ സാധ്യമല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വി ജോയി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധിയായി ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലാണ് വിവാദ സത്യപ്രതിജ്ഞ നടന്നത് . തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടേ എന്ന് മാത്രമാണ് ബിജെപിയുടെ പ്രതികരണം. അതേസമയം, ഇത്തരത്തിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കിയ രീതിയുണ്ടെന്നാണ് സിപിഎം വാദം. ബിജെപി അംഗങ്ങളുടെ സത്യപ്രതിഞ്ജ നിയമപരമോ എന്നതില്‍ കമ്മീഷന്‍ വൈകാതെ തീരുമാനമെടുക്കും.