സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. പലയിടത്തും സംഭവബഹുലമായിരുന്നു ചടങ്ങുകള്‍. കൂത്താട്ടുകുളം നഗരസഭയില്‍ സത്യപ്രതിജ്ഞയ്ക്കിടെ UDF കൗണ്‍സിലറെ കയ്യേറ്റം ചെയ്തു. പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു. കണ്ണൂര്‍ പാനൂര്‍ നഗരസഭയില്‍ ലഘുലേഖ വിതരണം ചെയ്തതില്‍ തര്‍ക്കമുണ്ടായി. തിരുവല്ലയ്ക്കടുത്ത് കുറ്റൂര്‍ പഞ്ചായത്തില്‍ പോഡിയവും മൈക്ക് സ്റ്റാന്‍ഡുമില്ലാത്തതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങ് 45 മിനിറ്റ് വൈകി.
കൂത്താട്ടുകുളം നഗരസഭ പതിനാറാം വാര്‍ഡില്‍ നിന്ന് വിജയിച്ച യുഡിഎഫ് കൗണ്‍സിലര്‍ ജോമി മാത്യുവിനെ മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യന്‍ കല്ലുകൊണ്ട് മര്‍ദിക്കുകയായിരുന്നു. ജോമിയുടെ തലയുടെ പിന്നില്‍ പരുക്കേറ്റു. ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടിയ ശേഷം ജോമി സത്യപ്രതിജ്ഞ പൂർത്തിയാക്കി. ജോസഫ് കുര്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് വേളയിലെ തര്‍ക്കമാണ് ആക്രമണ കാരണം. പാലക്കാട് കാവശേരി പഞ്ചായത്ത് സെക്രട്ടറി പി വേണുവിനെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം സിപിഎം പ്രവര്‍ത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മര്‍ദിച്ചത്. പ്രമോദിന്‍റെ നാമനിര്‍ദേശ പത്രിക തള്ളിയതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണം.
കുറ്റൂര്‍ പഞ്ചായത്തില്‍ സത്യപ്രതിജ്ഞാചടങ്ങ് തുടങ്ങാറായപ്പോഴാണ് പോഡിയവും മൈക്ക് സ്റ്റാന്‍ഡുമില്ലെന്ന് അധികൃതര്‍ക്ക് മനസിലായത്. തുടര്‍ന്ന് വാടയ്ക്ക് എടുക്കാന്‍ നെട്ടോട്ടം. ഒടുവില്‍ ഒരു കൈയ്യില്‍ മൈക്കുമായി അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു. പാനൂര്‍ നഗരസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങിനിടെ സെക്രട്ടറി വിതരണം ചെയ്ത നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്ന ലഘുലേഖ സിപിഎം കൗണ്‍സിലര്‍മാര്‍ മടക്കി നല്‍കിയതോടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. കൊല്ലംകോട് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ കെ.എ ചന്ദ്രന്‍റെ പേരിലാണ് ലഘുലേഖകള്‍ എത്തിയത്.
കോഴിക്കോട് കോര്‍പറേഷന്‍ പാറോപ്പടി ഡിവിഷനില്‍ നിന്ന് ജയിച്ച ഹരീഷ് പൊറ്റങ്ങാടി സംസ്കൃത്യത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. കാസര്‍കോട് ജില്ലാ പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തുളു, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മൂന്ന് മുന്നണികള്‍ക്കും ഭൂരിപക്ഷമില്ലാത്ത തൃപ്പൂണിത്തുറ നഗരസഭയിലെയും ആര് ഭരണത്തിലേറുമെന്ന് സ്വതന്ത്രന്‍ നിശ്ചയിക്കുന്ന ആലപ്പുഴ നഗരസഭയിലെയും അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ആലപ്പുഴ നഗരസഭയിലെ സ്വതന്ത്രൻ ജോസ് ചെല്ലപ്പൻ നാളെ നിലപാട് പ്രഖ്യാപിക്കും. തൃശൂര്‍ കോര്‍പറേഷനിലെയും ആര് മേയറാകുമെന്ന സസ്പെന്‍ഡ് തുടരുന്ന കൊച്ചിയിലെയും വയനാട് ജില്ലാ പഞ്ചായത്തിലെയും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. വെള്ളിയാഴ്ച്ചയാണ് മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്. മുൻ എംഎൽഎ അനിൽ അക്കരെയും അടാട്ട് പഞ്ചായത്ത് അംഗമായുള്ള ഇന്നിങ്ങിസിനും തുടക്കമിട്ടു.