തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവർ ദൈവങ്ങളുടെ പേര് പറഞ്ഞു സത്യപ്രതിജ്ഞ ചെയ്തതിൽ തദ്ദേശ വകുപ്പിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി പ്രളയം. അതേസമയം, പരാതികൾ ഉയർന്നാൽ അയോഗ്യത സംബന്ധിച്ച് നടപടികൾ സ്വീകരിക്കാൻ അധികാരമില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതികളാണെന്ന നിലപാടിലാണ് കമ്മിഷനും തദ്ദേശ വകുപ്പും.
സത്യവാചകത്തിൽ ഇല്ലാത്ത പേരുകൾ പറഞ്ഞുള്ള സത്യപ്രതിജ്ഞ നിയമപരമായി നിലനിൽക്കില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. ആരെങ്കിലും കോടതിയെ സമീപിച്ചാൽ വീണ്ടും യഥാരീതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഉത്തരവുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.
ദൈവനാമത്തിൽ എന്നല്ലാതെ ദൈവങ്ങളുടെയും പേര് പറയാൻ ചട്ടപ്രകാരം അനുവദനീയമല്ല. ആ സാഹചര്യത്തിൽ ഇവരുടെ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്നാണ് പരാതിയിലുള്ളത്. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്.