ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവില്‍ ഡോ. ലളിതാംബികയ്ക്കെതിരെ കേസെടുത്തു. ജീവന് ഭീഷണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിന് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഉഷ ജോസഫിന് ശസ്ത്രക്രിയ നടത്തിയ യൂണിറ്റിന്റെ ചീഫ് ആയിരുന്നു ഡോ.ലളിതാംബിക. അഞ്ചല്ല 50 വര്‍ഷം കത്രിക വയറ്റില്‍ ഇരുന്നാലും കുഴപ്പമുണ്ടാകില്ലെന്നായിരുന്നു ഡോ.ലളിതാംബിക മാധ്യമങ്ങളോട് നേരത്തെ പ്രതികരിച്ചത്. രോഗിയെ ഓര്‍മയില്ലെന്നും കോവിഡ് കാലത്ത് ജീവന്‍ രക്ഷിക്കാന്‍ നടത്തിയ സഹായം ഡോക്ടര്‍മാര്‍ക്ക് വിനയായെന്നും അവര്‍ പറഞ്ഞതും വിവാദമായി.
2021 മേയ് മൂന്നിനാണ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്ക് ഉഷ വിധേയയായത്. ഇതിനിടെയാണ് വയറ്റില്‍ കത്രിക വച്ച് മറന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഉഷ കഠിനമായ വയറുവേദന സഹിച്ചാണ് ഇത്രയും കാലം കഴിഞ്ഞത്. ഒടുവില്‍ മൂത്രത്തിലൂടെ രക്തം വരാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ കോളജില്‍ നിന്ന് വിരമിച്ച യൂറോളജി വിദഗ്ധനെ കണ്ടു. ഇദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരം എക്സ്റേ എടുത്തതോടെയാണ് കത്രിക കണ്ടെത്തിയത്. പരിശോധനാഫലവുമായി മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും ഗുളിക കൊടുത്ത് തിരിച്ചയയ്ക്കുകയാണ് അധികൃതര്‍ ചെയ്തതെന്നായിരുന്നു ഉഷയുടെ കുടുംബം വെളിപ്പെടുത്തിയത്. നിലവില്‍ അമൃത ആശുപത്രിയില്‍ ചികില്‍സയിലാണ് ഉഷ.