ദുബായിൽ തേജസ് യുദ്ധവിമാനം തകര്‍ന്ന് വീരമൃത്യുവരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് രാജ്യത്തിന്‍റെ സല്യൂട്ട്. തമിഴ്നാട് സുളുരിലെ വ്യോമതാവളത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ ആദരാഞ്ജലി അര്‍പ്പിച്ചു.
വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ ഭൗതികശരീരം ഇന്നലെ വൈകിട്ടാണ് കോയമ്പത്തൂരിലെത്തിച്ചത്. ദുബായില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിച്ച ഭൗതികശരീരം കോയമ്പത്തൂരിലെ എയര്‍ഫോഴ്സ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. രാവിലെ ഏഴുമണിയോടെ സുളൂരിലെ വ്യോമതാവളത്തില്‍ ഭൗതിക ശരീരമെത്തിച്ചു. വ്യോമസേനയിലെ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുകൂടി. കോയമ്പത്തൂര്‍ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
തേജസിന്‍റെ രണ്ട് സ്ക്വാഡ്രണുകളില്‍ ഒന്ന് കേന്ദ്രീകരിച്ചിരിക്കുന്നത് സുളൂരിലാണ്. ഫ്ലൈയിങ് ഡാഗേഴ്സ് എന്ന് വിളിപ്പേരുള്ള 45ാം നമ്പര്‍ സ്ക്വാഡ്രണിലാണ് നമാംശ് സ്യാല്‍ സേവനമനുഷ്ടിച്ചിരുന്നത്. പിന്നാലെ, അന്ത്യകര്‍മങ്ങള്‍ക്കായി, പ്രത്യേക വ്യോമസേനാ വിമാനത്തിൽ നമാംശ് സ്യാലിന്റെ സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്ക് ഭൗതികശരീരം കൊണ്ടുപോയി. അപകടത്തില്‍ വ്യോമസേനയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും യുഎഇയും പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. യുഎഇ വ്യോമയാന എജൻസിയുടെ അന്വേഷണത്തിന്റെ ഭാഗമാകാൻ വ്യോമസേനയും ഉദ്യോഗസ്ഥനെ അയച്ചു. നെഗറ്റീവ് ജീ ടേൺ എന്ന അഭ്യാസത്തിനിടെയാണ് അപകമുണ്ടായത്.
എൻജിൻ തകരാർ ആണോ അവസാനം നിമിഷം ഉയർന്നുപറക്കാൻ കഴിയാതെ നിയന്ത്രണം വിട്ടതാണോ അപകട കാരണമെന്ന് പരിശോധിക്കും. പൈലറ്റ് അവസാന നിമിഷം ഇജക്ട് ചെയ്യാനുള്ള ശ്രമം നടത്തുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.