Tejas light combat aircraft is towed by ground crew members at the HAL Airport in Bengaluru, India,

  • വ്യോമസേനയുടെ തേജസ് യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു
  • നടപടി തുടര്‍ച്ചയായ അപകടങ്ങളെത്തുടർന്ന്

വ്യോമസേനയുടെ തേജസ്‌ യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു. തുടർച്ചയായ അപകടങ്ങൾക്ക് പിന്നാലെയാണ് നടപടി. വീണ്ടും യുദ്ധവിമാനം തകര്‍ന്നുവെന്ന റിപ്പോര്‍ട്ട് തള്ളിയ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, തേജസിനുണ്ടായത് സാങ്കേതിക തകരാറാണെന്ന് അറിയിച്ചു.

പരിശീലന പറക്കലിന് ശേഷമാണ് തേജസ്‌ യുദ്ധവിമാനം വീണ്ടും അപകടത്തിൽപ്പെട്ടത്. ഈ മാസം ഏഴാം തീയതി ഒരു ഫോർവേഡ് ബേസിലായിരുന്നു അപകടം. പൈലറ്റ് രക്ഷപ്പെട്ടു. എന്നാൽ, വിമാനത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനത്തിന് ബ്രേക്ക് ഫെയില്യര്‍ ഉണ്ടായെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. തേജസ്‌ യുദ്ധവിമാനം ഉൾപ്പെടുന്ന മൂന്നാമത്തെ അപകടമാണിത്. 2024 മാർച്ചിൽ ജയ്‌സാൽമീറിലാണ് ആദ്യത്തെ തേജസ് വിമാനം തകർന്നത്. 2025 നവംബറിൽ ദുബായ് എയർഷോയ്ക്കിടെ തേജസ്‌ തകർന്നുവീണ് പൈലറ്റ് വീരമൃത്യുവരിച്ചിരുന്നു. പുതിയ അപകടത്തോടെയാണ്, ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനങ്ങൾ ഗ്രൗണ്ട് ചെയ്തത്. 

ഏതാണ്ട് മുപ്പതോളം ഒറ്റ സീറ്റ് തേജസ്‌ യുദ്ധവിമാനങ്ങളാണ് പറക്കൽ നിർത്തിയത്. എന്നാല്‍, സാങ്കേതിക തകരാര്‍ ശരിവച്ച ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് വിമാനം തകര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി. യുദ്ധവിമാനങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ റെക്കോര്‍ഡ് തേജസിനുണ്ടെന്നും പ്രശ്നപരിഹാരത്തിനായി വ്യോമസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നും എച്ച്എഎല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. തേജസ് യുദ്ധവിമാനം ഉൾപ്പെട്ട അപകടത്തെക്കുറിച്ചോ, തേജസ് ഗ്രൗണ്ട് ചെയ്തതിനെക്കുറിച്ചോ വ്യോമസേന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  

2021 ഫെബ്രുവരിയില്‍ 83 തേജസ് എംകെ–1എ യുദ്ധ വിമാനങ്ങള്‍ക്ക് പ്രതിരോധ മന്ത്രാലയം എച്ച്എഎല്ലുമായി 48000 കോടി രൂപയുടെ കരാറിലെത്തിയിരുന്നു. ജിഇ എയ്‌റോസ്‌പേസിന് കൃത്യസമയത്ത് എന്‍ജിനുകള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ യുദ്ധവിമാനങ്ങളുടെ ഡെലിവറി കൃത്യസമയത്ത് നടത്താന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. അതേസമയം, കഴിഞ്ഞ വര്‍ഷം 93 വിമാനങ്ങള്‍ക്കായി 62370 കോടി രൂപയുടെ കരാറാണ് പ്രതിരോധം മന്ത്രാലയം ഒപ്പിട്ടത്. 

ENGLISH SUMMARY:

Tejas fighter jet grounding news highlights recent incidents involving the indigenous aircraft. Hindustan Aeronautics Limited (HAL) has clarified that reports of the Tejas fighter jet crashing are inaccurate, stating they are working with the Indian Air Force to resolve technical issues.