ശബരിമലയിൽ ഒന്നര ലക്ഷത്തിലേറെ ലിറ്റർ മായം കലർന്ന നെയ്യ് വിതരണം ചെയ്തതിനു പിന്നിൽ മിൽമ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ആസൂത്രിത നീക്കമെന്ന് ദേവസ്വം വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീര സഹകാരിയും ദേവസ്വം ബോർഡിൽ ഉന്നത പദവി വഹിച്ചിരുന്നയാളുമാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. ഇയാളുടെ സ്വാധീനം ഉപയോഗിച്ചാണ് വിതരണ കരാർ ഉറപ്പിച്ചതെന്നും പമ്പയിൽനിന്ന് പരിശോധനയില്ലാതെ നെയ്യ് സന്നിധാനത്തേക്ക് കടത്തിവിട്ടതെന്നും ദേവസ്വം കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ക്രമക്കേടിനെക്കുറിച്ച് മുൻ മിൽമ, ദേവസ്വം ബോർഡ് ഭരണസമിതികൾക്ക് സൂചന ലഭിച്ചിട്ടും അന്വേഷണം നടത്തിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇടപാടിൽ പങ്കാളികളായ ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും സാമ്പത്തിക ഇടപാടുകൾ പരിശോധിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു. വൻ തട്ടിപ്പാണ് നടന്നതെന്നും വിശദമായ റിപ്പോർട്ടിന് ഒരാഴ്ചത്തെ സാവകാശം വേണമെന്നും വിജിലൻസ് അറിയിച്ചു.
അതേസമയം, ഗുണനിലവാരം കുറഞ്ഞ നെയ്യ് എത്തിച്ചതിലെ സാമ്പത്തിക നഷ്‌ടം അന്വേഷിക്കാൻ ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ഷീബ ഖമറിന്റെ നേതൃത്വത്തിൽ നാലംഗ സമിതിയെ സർക്കാർ നിയോഗിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ മന്ത്രി കെ. മുരളീധരൻ ദേവസ്വം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗവും വിഷയം ചർച്ച ചെയ്യും.