Image Credit: Manorama
വയനാടിന്റ നെഞ്ചുതകര്‍ത്ത ഉരുള്‍പൊട്ടലിന് രണ്ടുവര്‍ഷം തികയുമ്പോള്‍ വീണുപോയ മണ്ണില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ഉരുള്‍ ബാക്കിവച്ച മണ്ണും മനുഷ്യരുമെല്ലാം. ജീവിതം പറിച്ചുനട്ട കല്‍പറ്റയിലെ ടൗണ്‍ഷിപ്പില്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിതം വീണ്ടും തളിര്‍ക്കുമ്പോഴും ഉള്ളിന്റ ഉള്ളില്‍ നഷ്ടപ്പെടലുകളുടെ വേദന ഇപ്പോഴുമുണ്ട്.
2024 ജൂലൈ 30 രാത്രി, അന്നായിരുന്നു ചൂരല്‍മലയേയും മുണ്ടക്കൈയേയും ഒന്നാകെ ഉരുള്‍ വിഴുങ്ങിയത്. 298 ജീവനുകള്‍. കണ്ടുകിട്ടാത്തവരെ ഒടുവില്‍ മരിച്ചതായി പ്രഖ്യാപിച്ചു. വാടകവീടുകളിലേക്ക് ചിതറപ്പെട്ട ശേഷിച്ചവരില്‍ കുറെപ്പേര്‍ ടൗണ്‍ഷിപ്പിന്റേയും വിവിധ സംഘടനകള്‍ വച്ചുനല്‍കിയ വീടുകളുടേയും തണലിലേക്ക് തിരിച്ചുവന്നു. കുറച്ചുപേര്‍ ടൗൺഷിപ്പിലേക്ക് ഉടൻ എത്തുമെന്ന് പ്രതീക്ഷയിൽ ഇപ്പോഴും വാടക വീടുകളിലുണ്ട്.
ആളനക്കം നിലച്ച ചൂരല്‍മലയിലൂടെ താളം തെറ്റിയ പുന്നപ്പുഴ ഇന്ന് അലക്ഷ്യമായി ഒഴുകുന്നുണ്ട്. എല്ലാറ്റിനും സാക്ഷിയായ വെളളാര്‍മല സ്കൂളിലെ ബോര്‍ഡുകളില്‍ ഇപ്പോഴും ചോക്കെഴുത്തുകള്‍ മായാതുണ്ട്. സ്വപ്നങ്ങള്‍ ആണ്ടുപോയ മണ്ണില്‍ ഉയര്‍പ്പിന്റ അടയാളങ്ങള്‍ പൂവായും തളിരായും നിറയുന്നുണ്ട്. പുത്തുമലയില്‍ ഉറ്റവര്‍ ഉറങ്ങുന്ന മണ്ണുണ്ട്. ഓര്‍മകള്‍ക്കുമേല്‍ ഉറപ്പിച്ച ആ മീസാന്‍ കല്ലുകളില്‍ ദുരന്തത്തിന്റ വ്യാപ്തി വായിച്ചെടുക്കാം.