• അശ്രദ്ധമായി കുറുകേ ചാടിയ ഇരുചക്രവാഹന യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

എറണാകുളം കൂത്താട്ടുകുളത്തിനടുത്ത് കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്. ഇരുപതോളം യാത്രക്കാർക്കാണ് നിസാര പരുക്കേറ്റത്. അശ്രദ്ധമായി കുറുകേ ചാടിയ ഇരുചക്രവാഹന യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിന്റെ മുന്നിലെ കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച് മറിയുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രക്കാരൻ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാർ ഓടിയെത്തിയാണ് യാത്രക്കാരെ പുറത്തിറക്കിയത്.

അതിനിടെ, കൊല്ലം കുളത്തൂപ്പുഴയിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വില്ലുമല സ്വദേശി സജിയാണ് മരിച്ചത്. നിർത്തിയിട്ട ജീപ്പിന്റെ താക്കോൽ ഊരാൻ ശ്രമിക്കവേ വാഹനം മുന്നോട്ടു നീങ്ങിയാണ് അപകടം. വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരനായ സുഹൃത്തിനൊപ്പം പോയതാണ് സജി. കുളത്തൂപ്പുഴ - തെന്മല റോഡരികിൽ വാഹനം നിർത്തി സുഹൃത്ത് ചെക്ക് പോസ്റ്റിലേക്ക് പോയി. ഇതിന് പിന്നാലെ ഡ്രൈവർക്ക് തൊട്ടരികിലിരുന്ന സജി പുറത്തേക്കിറങ്ങി ജീപ്പിൽ നിന്ന് താക്കോൽ എടുക്കാൻ ശ്രമിച്ചു. ഇതിനിടെ വാഹനം മുന്നോട്ടു നീങ്ങിയാണ് അപകടം. ജീപ്പിന് അടിയിൽപ്പെട്ട സജിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ജീപ്പിനൊപ്പം കൊക്കയിലേക്ക് മറിഞ്ഞ സജിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, പാലക്കാട് മുണ്ടൂർ കാഞ്ഞിക്കുളം ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് കത്തി, ലോറി  ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു. അറക്കപ്പൊടി കയറ്റിയ ലോറിയുടെ ഡ്രൈവർ ശ്രീകൃഷ്ണപുരം സ്വദേശി നസിറുദ്ദീൻ ആണ് മരിച്ചത്. കണ്ടെയ്നർ ലോറി ഡ്രൈവറായ ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. പുലർച്ചെ 5.30ഓടെ ആണ് അപകടം. ലോറികൾ തമ്മിൽ കൂട്ടിയിടിച്ചതിന് പിന്നാലെ ഒരു ലോറിയിലെ അറക്കപ്പൊടി ചാക്കുകളിൽ നിന്ന് തീ പടരുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ഫയർഫോഴ്സ് തീയണച്ചത്. അപകടത്തെ തുടർന്ന് മുണ്ടൂർ- മണ്ണാർക്കാട് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ENGLISH SUMMARY:

A wedding party bus overturned in Kakkoor near Koothattukulam after swerving to avoid a sudden scooter rider, leaving about twenty passengers with minor injuries. In a separate tragic incident in Kulathupuzha, Kollam, a young man named Saji lost his life when an unattended jeep rolled forward and plunged into a ravine. Meanwhile, a lorry driver named Nasiruddeen died from severe burns after two lorries collided and caught fire on the Mundur-Mannarkkad national highway in Palakkad. Local residents and emergency services quickly responded to all three accident sites to carry out rescue operations and manage traffic disruptions.