നേപ്പാളിലെ നുവാകോട്ട് ജില്ലയിലെ തൃശൂലി ഡാമിന് സമീപം മിന്നല്‍ പ്രളയത്തെ തുടർന്ന് ചെളിയും എക്കലും മൂടിയ പ്രദേശം. (പി.ടി.ഐ ഫോട്ടോ/അരുൺ ശർമ്മ)

  • നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈനയുടെ മുന്നറിയിപ്പ്

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ചൈനയുടെ മുന്നറിയിപ്പ്. നദികളുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ അതിർത്തി മേഖലയിൽ വലിയ മഞ്ഞുപാളികൾ രൂപപ്പെട്ടിട്ടുണ്ടെന്നും ഏതുനിമിഷവും ഇത് പൊട്ടി വൻ പ്രളയത്തിന് കാരണമായേക്കാമെന്നുമാണ് ഉപഗ്രഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ചൈന വിവരം കൈമാറിയത്.

മിന്നൽ പ്രളയത്തിലും തുടർന്നുണ്ടായ നാശനഷ്ടങ്ങളിലും പെട്ട് മരണപ്പെട്ടവരുടെ സംഖ്യ 359 ആയി ഉയർന്നു. നവാൽപൂർ ജില്ലയിൽ നിന്നുമാത്രം 82 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഇതിനുപുറമെ നുവാകോട്ടിൽ 28 പേരുടെയും ധാഡിങ്ങിൽ 33 പേരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ദുരന്തമേഖലയിൽ അകപ്പെട്ട 33 മലയാളികൾ അടക്കം 288 ഇന്ത്യക്കാരെക്കുറിച്ച് നിലവിൽ വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീപ് ജയ്‌സ്വാൾ വ്യക്തമാക്കി.

കാണാതായ ഇന്ത്യൻ പൗരന്മാരിൽ 85 പേർ തമിഴ്‌നാട്ടിൽ നിന്നും 32 പേർ പശ്ചിമബംഗാളിൽ നിന്നുള്ളവരുമാണ്. കൂടാതെ, ടിബറ്റ് അതിർത്തി ഭാഗത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരിൽ ചിലരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇന്ത്യക്കാരുടെ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ദുരന്തത്തിൽപെട്ട നേപ്പാളിന് പിന്തുണയുമായി ഇന്ത്യ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.

ഹിൻഡൻ വ്യോമസേനാ താവളത്തിൽ നിന്ന് 50 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ ഇതിനകം നേപ്പാളിൽ എത്തിച്ചുകഴിഞ്ഞു. എന്നാൽ, നേപ്പാളിലേക്ക് നേരിട്ടുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യ ഉടനടി ഇറങ്ങിയേക്കില്ലെന്നാണ് വിവരം. അതേസമയം, അടിയന്തര സാഹചര്യം നേരിടാൻ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ പ്രത്യേക സംഘം ഹിൻഡൻ എയർബേസിൽ സജ്ജമായി തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ചാലുടൻ ഈ സംഘം നേപ്പാളിലേക്ക് തിരിക്കും.

ENGLISH SUMMARY:

The death toll from the devastating flash floods in Nepal has risen to 359 as rescue teams continue recovering bodies across multiple districts. China has issued a fresh warning regarding potential new floods caused by ice blockages that could breach at any moment. Meanwhile, the Ministry of External Affairs confirmed that 288 Indians, including 33 from Kerala, remain unaccounted for following the disaster. India has already dispatched 50 tonnes of relief materials and kept National Disaster Response Force teams on standby for deployment.