• ഭൂചലനത്തെ തുടര്‍ന്നുണ്ടായ ഹിമപാതമാണ് മിന്നല്‍ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവരില്‍ 100 ഇന്ത്യക്കാരെ കണ്ടെത്തിയതായി നേപ്പാള്‍. രക്ഷാപ്രവര്‍ത്തകരാണ് ഇവരെ കണ്ടെത്തിയതെന്നും ഇവര്‍ക്ക് പുറമെ ചൈനക്കാരായ 25 പേരെ കൂടി കണ്ടെത്തിയെന്നും അധികൃതര്‍ അറിയിച്ചു. 177 ഇന്ത്യക്കാരെയാണ് മിന്നല്‍ പ്രളയത്തില്‍ കാണാതായത്. പ്രളയത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനായി വിദേശകാര്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുകയാണ്. യോഗത്തില്‍ കാഠ്മണ്ഡു, ബെയ്ജിങ് അംബാസിഡര്‍മാരും പങ്കെടുക്കുന്നുണ്ട്. അതിനിടെ സംസ്ഥാനങ്ങളില്‍ നിന്ന് കാണാതായവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. 

157 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തുവെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു. അതേസമയം മരണസംഖ്യ 270 ആയെന്നാണ് കണക്കുകള്‍. പ്രളയം ഏറ്റവുമധികം ബാധിച്ച റസുവയില്‍ നിന്ന് മാത്രം 203 സ്ത്രീകളെയും 200 പുരുഷന്‍മാരെയും കാണാതായെന്നാണ് കണക്ക്. ഈ 403 പേരില്‍ 341 പേര്‍ വിദേശികളാണെന്നും നേപ്പാള്‍ സര്‍ക്കാര്‍ അറിയിച്ചു. 

ഭൂചലനത്തെ തുടര്‍ന്നുണ്ടായ ഹിമപാതമാണ് മിന്നല്‍ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി അറിയിച്ചു. നേപ്പാള്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പങ്കിടുന്ന ബിഹാറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ മഹാരാജഗഞ്ച്, കുഷിനഗര്‍ ഭരണകൂടങ്ങളും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രളയത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാന്‍ ഹെലികോപ്ടറുകളടക്കം രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നുണ്ട്. 

തമിഴ്നാട്ടില്‍ നിന്നുള്ള 103 പേര്‍ നേപ്പാളില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 54 പേര്‍ കുംഭകോണത്ത് നിന്നുള്ള സൂപ്പര്‍ യാത്ര ട്രാവല്‍സ് വഴി പോയവരും 49 പേര്‍ ചെന്നൈയില്‍ നിന്നുള്ള മഹാദേവ് കൈലാസ യാത്ര സംഘത്തില്‍പ്പെട്ടവരുമാണ്. കൊച്ചിയില്‍ നിന്നുള്ള 36 അംഗ സംഘം സുരക്ഷിതരാണ്. ഹൈദരാബാദില്‍ നിന്നുള്ള 31 അംഗ തീര്‍ഥാടക സംഘവും സുരക്ഷിതരാണ്. ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡിയടക്കം ഈ സംഘത്തിലുണ്ടായിരുന്നു. മാനസരോവര്‍ യാത്രയ്ക്കായി എത്തിയതായിരുന്നു ഇവര്‍. 

ENGLISH SUMMARY:

Nepal authorities have confirmed that 100 Indian nationals among those reported missing in recent flash floods have been successfully traced and found safe. In response to the disaster, External Affairs Minister S. Jaishankar is leading a high-level meeting with ambassadors to Kathmandu and Beijing to coordinate rescue operations, while the Union Home Ministry has requested chief secretaries of Indian states to submit details of missing citizens. The death toll has risen to 177, with hundreds still missing in regions like Rasuwa, prompting high alerts across border states such as Bihar and Uttar Pradesh. Meanwhile, stranded tourist and pilgrim groups from Tamil Nadu, Kerala, and other regions are being tracked, with prominent figures like former DRDO Chairman Dr. G. Satheesh Reddy confirmed safe.