നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായ ഇന്ത്യക്കാരുടെ നിലയിൽ ആശങ്ക തുടരുന്നു. 177 പേരെ കാണാനില്ലെന്നാണ് അനൗദ്യോഗിക വിവരം. 1500ലേറെപ്പേരെ കാണാനില്ലെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്‍റെ അനൗദ്യോഗിക കണക്കുകള്‍. ഇതിലേറെപ്പേരും മാനസരോവര്‍ തീര്‍ഥാടകരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിനോദസഞ്ചാരികളും ദുരന്തത്തിൽപ്പെട്ടു. ഇന്ത്യയ്ക്ക് പുറമെ ചൈനയും, യുഎസും തങ്ങളുടെ പൗരന്‍മാര്‍ അപകടത്തില്‍പ്പെട്ട വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. Also Read: പ്രളയവെള്ളമെത്തിയത് ടോയ്‌ലറ്റ് കുഴിയില്‍ നില്‍ക്കുമ്പോള്‍, കേട്ടത് വിചിത്രമായ ശബ്ദം
നേപ്പാളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഗാസിയാബാദില്‍ നിന്നുള്ള നാല് ടീം തയാറാണെന്ന് എന്‍ഡിആര്‍എഫ് ഐജി നരേന്ദ്രര്‍ സിങ് ഭൂന്ദേല മനോരമ ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം വന്നാലുടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. നിലവില്‍ യുപിയില്‍ 11 ടീമും ബിഹാറില്‍ ഒന്‍പത് ടീമുകളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. Read More: ഞൊടിയിടയില്‍ തകര്‍ന്ന് ഹിമതടാകങ്ങള്‍; ഇരച്ചെത്തി വെള്ളവും ചെളിയും; നേപ്പാളില്‍ സംഭവിച്ചതിങ്ങനെ
37.5 ടൺ ദുരന്തനിവാരണ സാമഗ്രികളും മരുന്നുകളും ഭക്ഷണപ്പൊതികളുമായി വ്യോമസേന വിമാനം നേപ്പാളിലെത്തിയിട്ടുണ്ട്. ഇന്നലെയും 10 ടൺ സാമഗ്രികളുമായി വിമാനം നേപ്പാളിലെത്തിയിരുന്നു. വന്‍ രക്ഷാദൗത്യത്തിനായി MI-17, ധ്രുവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. നേപ്പാളുമായി നിരന്തരസമ്പർക്കത്തിൽ ആണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന യുപി, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രളയജലം താഴേക്ക് ഒഴുകിയെത്തുന്നതുകൊണ്ടാണ് അതിര്‍ത്തി മേഖലകളിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ബിഹാറിലെ ഗണ്ഡക് നദീതീരത്തുനിന്നും നിരവധിപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു.