ലഹരിവില്‍പനക്കേസില്‍ അറസ്റ്റിലായ അധ്യാപകര്‍ സ്കൂളും പരിസരവും എം.ഡി.എം.എ. വില്‍പനയ്ക്ക് മറയാക്കിയെന്നു സംശയം. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നതായി കണ്ണൂര്‍ റേഞ്ച് ഐ.ജി.കെ.കാര്‍ത്തിക് മനോരമ ന്യൂസിനോടു സ്ഥിരീകരിച്ചു. അതിനിടെ ഏപ്രിലില്‍ ഉള്ള്യേരിയില്‍ അറസ്റ്റിലായ ലഹരിക്കടത്തു സംഘവുമായി അറസ്റ്റിലായ അധ്യാപികമാരായ കാവ്യയ്ക്കും കീര്‍ത്തനയ്ക്കും പങ്കുണ്ടെന്ന വിവരവും പുറത്തായി.
അറസ്റ്റിലായ കെ.സി.കീര്‍ത്തന, കെ.കാവ്യ, നീഷ്മ എന്നിവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളെ ലഹരി ഇടപാടുകള്‍ക്കു മറയാക്കിയിട്ടുണ്ടോയെന്നാണു എസ്.ഐ.ടിക്കു സംശയം. പേരാമ്പ്ര ബി.ആര്‍.സിക്കു കീഴില്‍ പലസ്കൂളുകളിലായാണു മൂവരും ജോലി ചെയ്തിരുന്നത്. ആളുകളുടെ ശ്രദ്ധയില്‍പെടാതെ ലഹരികൈമാറ്റം നടത്താമെന്നതിനാല്‍ സ്കൂളും പരിസരവും ഉപയോഗപെടുത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് ഇക്കാര്യം വിശദമായി പരിശോധിക്കുന്നതെന്നു കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. വ്യക്തമാക്കി.
അതിനിടെ ഏപ്രില്‍ 23ന് ഉള്ള്യേരി മൊടക്കല്ലൂരിലെ അപ്പാര്‍ട്ട്െമന്റില്‍ നിന്ന് 11.83 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രതികളും അറസ്റ്റിലായ അധ്യാപികമാരും തമ്മില്‍ ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. എക്സൈസ് സംഘം അറസ്റ്റ് ചെയ്ത കൊയിലാണ്ടി സ്വദേശി ഫിറോസ്, കണ്ണൂര്‍ പെരിങ്ങോം സ്വദേശി ശീതള്‍ ശിവദാസ് എന്നിവരില്‍ നിന്നു കണ്ടെടുത്ത ഡയറിയില്‍ അറസ്റ്റിലായ അധ്യാപികമാരുടെ പേരും ഫോണ്‍ നമ്പറുകളുമുണ്ടായിരുന്നു. ഡയറി സംബന്ധിച്ച് എക്സൈസ് അന്വേഷണം തുടരുന്നതിനിടെയാണ് കാവ്യയും കീര്‍ത്തനയും അറസ്റ്റിലായത്.