പറവൂരില്‍ പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തിൽ കെഎസ്ആര്‍ടിസി കണ്ടക്ടർക്കെതിരെ കേസെടുത്തു. പെൺകുട്ടിയെ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനുമാണ് കേസ്. ശനിയാഴ്ച ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ബസിൽ കയറിയ പെൺകുട്ടിക്ക് സിറോ ടിക്കറ്റ് നൽകാതെ വസ്‌ത്രധാരണത്തിന്റെ പേരിൽ അപമാനിച്ചെന്നാണ് പരാതി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ച്ചയുണ്ടായതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെ ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. Also Read: 'നീ പെണ്ണാണെന്ന് അറിയാൻ ഡ്രസ്സ് ഊരി നോക്കാൻ പറ്റില്ലല്ലോ’; പ്രിയദര്‍ശിനി ബസില്‍ വിദ്യാര്‍ഥിനിക്കേറ്റത് ക്രൂര അപമാനം
‘പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല’ എന്ന് പറഞ്ഞ് കണ്ടക്ടർ യാത്രക്കാരുടെ മുന്നിൽ വെച്ച് തന്നെ അപമാനിച്ചതായി വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുമാണ് കണ്ടക്ടർ സംസാരിച്ചതെന്നും പരാതിയിലുണ്ട്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസഭ്യം പറഞ്ഞതിനും അപമാനിച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടവീഴ്ചയുമില്ലെന്നും കുറ്റക്കാരനായ ജീവനക്കാരനെതിരെ സിഎംഡിയുടെ നിർദ്ദേശപ്രകാരമാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.