സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന ഡോക്ടറുടെ വിഡിയോ വൈറല്‍. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ഡ്യൂട്ടി റൂമില്‍ ഹിന്ദിഗാനത്തിന് ചുവടുവെച്ച വിഡിയോ ഡോക്ടറോ അദ്ദേഹത്തിന്‍റെ പ്രതിശ്രുധ വധുവോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നാണ് വിവരം.
നീല പെയിന്‍റടിച്ച ഡ്യൂട്ടി റൂമിന്‍റെ വാതിൽ അടച്ച ശേഷമാണ് ഡോ. അഫ്കര്‍ സിദ്ദിഖിയും തന്‍റെ പ്രതിശ്രുധ വധുവും നൃത്തം ചെയ്തത്. ബനിയനും പാന്‍റുമായിരുന്നു അഫ്കറിന്‍റെ വേഷം. ഇരുവരും ഏറെ സന്തോഷത്തിലുമായിരുന്നു. രൺവീർ സിങ്ങിന്‍റെ ബാൻഡ് ബാജാ ബരാത്ത് എന്ന സിനിമയിലെ ജനപ്രിയ ബോളിവുഡ് ഗാനമായ ദം ദമിന് ഇരുവരും ചുവട് വയ്ക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ പുറത്തുവന്നതോടെ ജോലി സമയത്ത്, രോഗികൾക്ക് സേവനം നൽകേണ്ട റൂം ഇത്തരം വിനോദങ്ങൾക്കായി ഉപയോഗിച്ചത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് വിഷയത്തിൽ ഇടപെടുകയും ചെയ്തു.
വീഡിയോയെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ചീഫ് മെഡിക്കൽ ഓഫീസർ (CMO) ഉത്തരവിട്ടിട്ടുണ്ട്. ജോലിസമയത്ത് അനാസ്ഥ കാണിച്ചതിനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും ഡോക്ടറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. ഒരു സർക്കാർ സ്ഥാപനത്തിന്‍റെ ഡ്യൂട്ടി റൂം വിനോദത്തിനായി ഉപയോഗിച്ചത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.