കഠിന പ്രയത്നത്തിനൊടുവിലാണ് തേജസ് യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായത്. സ്വന്തമായി യുദ്ധവിമാനം നിര്‍മിക്കാന്‍ ശേഷിയുള്ള അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. LCA തേജസ് ഇന്ത്യയുടെ അഭിമാനമാകുന്നതില്‍ പല കാരണങ്ങളുണ്ട്. റഷ്യന്‍, ബ്രിട്ടിഷ്, ഫ്രഞ്ച് നിര്‍മിതമായ യുദ്ധവിമാനങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്ന വ്യോമസേനയിലേക്ക് പറന്നിറങ്ങിയതാണ് ഇന്ത്യയുടെ സ്വന്തം ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റ് എന്ന തേജസ്. ഒറ്റ സീറ്റ്, ഒറ്റ എന്‍ജിന്‍. വലുപ്പക്കുറവാണ് അതുകൊണ്ടുതന്നെ ഭാരക്കുറവും. 4.5 ജനറേഷന്‍ വിവിധോദേശ യുദ്ധവിമാനം. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തേജസ് യുദ്ധവിമാനം നിര്‍മിക്കുന്നത്. യുഎസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക്കിന്‍റെ എന്‍ജിനാണ് തേജസിലേത്. 2016ല്‍ തേജസിനെ വ്യോമസേനയില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ രണ്ട് സ്ക്വാഡ്രണ്‍ അഥവാ ഏതാണ്ട് നാല്‍പ്പതിനടുത്ത് തേജസ് മാര്‍ക് 1 യുദ്ധവിമാനങ്ങള്‍ വ്യോമസേനയിലുണ്ട്. നാലായിരം കിലോ ഭാരം വഹിക്കാം. മിഡ് എയര്‍ റീഫ്യൂവലിങ്ങും സാധ്യം. മണിക്കൂറില്‍ രണ്ടായിരം കിലോമീറ്ററോളം വേഗം ആര്‍ജിക്കും. നാവിക പതിപ്പ് ഐഎന്‍എസ് വിക്രാന്തില്‍നിന്ന് പരീക്ഷിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 97 LCA തേജസ് മാര്‍ക് 1 എ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി വ്യോമസേന കരാര്‍ ഒപ്പിട്ടു. 66,500 കോടി രൂപയുടെ ഇടപാടാണിത്. പുത്തന്‍ പതിപ്പായ തേജസ് മാര്‍ക് 1 എ ഇതുവരെയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യോമസേനയ്ക്ക് കൈമാറിയിട്ടില്ല. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും ഡിആര്‍ഡിഒയ്ക്ക് കീഴിലെ എയ്റോനോട്ടിക്കല്‍ ഡവലപ്മെന്‍റ് ഏജന്‍സിയും സംയുക്തമായാണ് തേജസ് വികസിപ്പിച്ചത്.
സ്വന്തമായി യുദ്ധവിമാന എന്‍ജിന്‍ നിര്‍മിക്കാനുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. ചൈനയും പാക്കിസ്ഥാനും ശത്രുപക്ഷത്തുള്ളപ്പോഴും വ്യോമസേനയില്‍ യുദ്ധവിമാനങ്ങളുടെ എണ്ണക്കുറവുണ്ടെന്നത് യാഥാര്‍ഥ്യമാണ്. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിറ്ററി എയര്‍ക്രാഫ്റ്റിന്‍റെ 2025ലെ റാങ്കിങ് പ്രകാരം ലോകത്തെ മൂന്നാമത്ത വ്യോമശക്തിയാണ് ഇന്ത്യയുടേത്. അതായത് ചൈനയ്ക്ക് മുകളിലും യുഎസിനും റഷ്യയ്ക്കും താഴെയും. ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ മല്‍സരിക്കുകയാണ് ലോകരാജ്യങ്ങള്‍. ഇടപാടിനുള്ള സാധ്യത കുറവായിരുന്നെങ്കിലും ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ F- 35 യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. സുഖോയ് 57 ഇന്ത്യയ്ക്ക് വില്‍ക്കാനും സാങ്കേതിക വിദ്യ കൈമാറി ഇന്ത്യയില്‍ നിര്‍മിക്കാനും റഷ്യ തയാര്‍. നിലവിലെ ആവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിയേക്കും. തദ്ദേശീയമായി നിര്‍മിക്കുന്ന അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമായ AMCA അഥവാ അഡ്വാന്‍സ്ഡ് മീഡിയം കോംമ്പാറ്റ് എയര്‍ക്രാഫ്റ്റ് 2035ല്‍ വ്യോമസേനയുടെ ഭാഗമാക്കാനും ശ്രമങ്ങള്‍ തുടരുകയാണ്. ഇറക്കുമതിയിലല്ല, യുദ്ധവിമാന എന്‍ജിനടക്കം സ്വന്തമായി നിര്‍മിക്കുമ്പോഴാണ് സൈനിക രംഗത്തെ സൂപ്പര്‍ പവറായി തുടരുകയുള്ളു എന്ന നയമാണ് രാജ്യത്തിന്‍റേത്.