കർണാടകയിലെ ഷിമോഗ സെൻട്രൽ ജയിലിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ 123 ഗ്രാം കഞ്ചാവും ഡസൻ കണക്കിന് സിഗരറ്റ് പാക്കറ്റുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ജയില്‍ ജീവനക്കാര്‍ക്കടക്കം ലഹരിഎത്തിക്കുന്നതില്‍ പങ്കുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
ജയില്‍ കാന്‍റീനിലേക്കെത്തിച്ച വാഴപ്പഴത്തിനൊപ്പമാണ് ആദ്യം ലഹരി മരുന്ന് കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയ വാഴക്കുല തുരന്ന് ഉള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലെത്തിച്ച വാഴക്കുലകള്‍ ജയില്‍ കവാടത്തില്‍ ഇറക്കിയശേഷം ഡ്രൈവര്‍ വാഹനം വേഗത്തില്‍ ഓടിച്ചുപോയി. സംശയം തോന്നി പരിശോധന നടത്തിയ ജയില്‍ അധികൃതര്‍ വാഴക്കുലച്ചാക്കുകള്‍ കീറിയതായി കണ്ടെത്തി. പരിശോധിച്ചപ്പോള്‍ കുലയ്ക്കുള്ളില്‍ ഗം ടേപ്പില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവിന്‍റെയും സിഗരറ്റിന്‍റെയും പാക്കറ്റുകള്‍ കണ്ടെത്തി.
ജയിൽ ഡ്യൂട്ടിക്കെത്തിയ ഒരു ജീവനക്കാരന്‍റെ പക്കൽ നിന്നും ഗം ടേപ്പിൽ പൊതിഞ്ഞ 170 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സത്വിക് എന്ന് പേരുള്ള ഈ ജീവനക്കാരൻ തന്‍റെ അടിവസ്ത്രത്തിനുള്ളിലാണ് പാക്കറ്റ് ഒളിപ്പിച്ചിരുന്നത്. ഇയാളെ പിന്നീട് പൊലീസിന് കൈമാറി . കൂടുതല്‍ ജീവനക്കാര്‍ക്ക് ലഹരി ഇടപാടില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
ഒപ്പം ജയിലില്‍ ലഹരിമരുന്നെത്തിക്കുന്ന പുറത്തേ സംഘത്തെക്കുറിച്ചും അന്വേഷണം തുടങ്ങി. ബെംഗളൂരു സെൻട്രൽ ജയിലിലെ തടവുകാർ മദ്യവുമായി അകത്ത് പാർട്ടി നടത്തുന്നതിന്റെ വിഡിയോകൾ പുറത്തുവന്ന് ആഴ്ചകൾക്ക് ശേഷമാണ് ഷിമോഗ ജയിലിലെ ഈ സംഭവം.