കെനിയയില്‍ നിന്ന് 2000 അപൂര്‍വ ഉറുമ്പുകളെ കടത്താന്‍ ശ്രമിച്ച ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഗാര്‍ഡന്‍ ആന്‍റ് വിഭാഗത്തില്‍ പെട്ട ഉറുമ്പുകളിലെ റാണി ഉറുമ്പുകളെയാണ് ഷാങ് കെക്വെന്‍ എന്ന യുവാവ് ചൈനയിലേക്ക് കടത്താന്‍ ശ്രമിച്ചത്. നെയ്റോബി എയര്‍പോര്‍ട്ടില്‍ വച്ചാണ് പെട്ടി നിറയെ ഉറുമ്പുകളുമായി യുവാവിനെ കസ്റ്റംസ് പിടികൂടിയത്.

ഗാര്‍ഡന്‍ ആന്‍റുകള്‍ക്ക് ചൈനയില്‍ വന്‍ ഡിമാന്‍ഡാണ്. ഓമനമൃഗങ്ങളെ വളര്‍ത്തുന്ന പോലെ ഗാര്‍ഡന്‍ ആന്‍റുകളെ വളര്‍ത്തുന്നവരും ഉണ്ട്. ഈ ഡിമാന്‍ഡ് കണക്കിലെടുത്താണ് റാണി ഉറുമ്പുകളെ കടത്താന്‍ ശ്രമം നടന്നത്. ഓരോ ഉറുമ്പിനും ഓരോ കോളനികള്‍ ഉണ്ടാക്കാന്‍ കഴിയും. പില്ലുകളുടെ വലിപ്പമുള്ള ചെറിയ പാത്രങ്ങളിലായി ഓരോ ഉറുമ്പുകളെയും സൂക്ഷ്മമായി കയറ്റിയായിരുന്നു കള്ളക്കടത്ത് ശ്രമം. 

കഴിഞ്ഞ വര്‍ഷം ഉറുമ്പ് കള്ളക്കടത്തുകാരുടെ വലിയൊരു സംഘത്തെ കെനിയന്‍ ഏജന്‍സികള്‍ പിടികൂടിയിരുന്നു. പിടിയിലായ ചൈനീസ് പൗരന്‍ ഉറുമ്പ് കള്ളക്കടത്തിന്‍റെ സൂത്രധാരന്‍ ആണെന്നാണ് നിഗമനം. രാജ്യാന്തര ജൈവവൈവിധ്യ ഉടമ്പടിപ്രകാരം സംരക്ഷിത ജീവിയാണ് ഗാര്‍ഡന്‍ ആന്‍റ്. കെനിയയിലെ പരിസ്ഥിതിയില്‍ ആവാസവ്യവസ്ഥയ്ക്ക് വലിയ പങ്കാണ് ഗാര്‍ഡന്‍ ആന്‍റുകള്‍ നിര്‍വഹിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് വലിയ കോളനികളുണ്ടാക്കി വര്‍ഷങ്ങളോളം അത്തരം കോളനികള്‍ നിലനിര്‍ത്തുമെന്നതാണ് ഇവയെ വളര്‍ത്തുന്നതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഇവയുടെ കോളനികള്‍ക്കായി ഗ്ലാസുകൊണ്ട് വലിയ കൂടുകളാണ് ആളുകള്‍ നിര്‍മിക്കാറുള്ളത്. 

ENGLISH SUMMARY:

A Chinese national named Zhang Kequen was arrested at Nairobi Airport for attempting to smuggle 2,000 rare Queen Garden Ants from Kenya to China. The ants, known for their vital role in Kenya's ecosystem and protected under international biodiversity treaties, were meticulously packed in pill-sized containers. In China, these ants are highly sought after as unique pets, with enthusiasts building elaborate glass habitats for their long-lasting colonies. Kenyan authorities believe Zhang may be a mastermind behind an organized smuggling ring, following similar interceptions of ant traffickers last year. The incident highlights the growing illegal trade of exotic insects driven by niche market demands.