brotherinlaw-murder

AI Generated Image

ഭാര്യാ സഹോദരനെ കുത്തിക്കൊന്ന് മൃതദേഹം ഓടയിൽ തള്ളിയ കേസിൽ 35കാരൻ അറസ്റ്റിലായി. ഡൽഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം. നഥുപുര നിവാസിയായ യോഗേന്ദറാണ് കൊല്ലപ്പെട്ടത്. ഈ മാസം ആദ്യമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനൊടുവിലാണ് കേസിൽ വഴിത്തിരിവുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

നവംബർ ആറിനാണ് യോഗേന്ദറിനെ കാണാതായതായി പൊലീസിന് പരാതി ലഭിച്ചത്. നവംബർ 12ന് ഐപി കോളനി പ്രദേശത്തെ ഒരു ഓടയിൽ നിന്ന് തിരിച്ചറിയാത്ത ഒരു മൃതദേഹം കണ്ടെടുത്തു. മരിച്ചയാൾ കാണാതായ യോഗേന്ദറാണെന്ന് പൊലീസ് പിന്നീട് തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇദ്ദേഹം കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

തെളിവുകളില്ലാത്ത കേസ് ആയതിനാൽ, സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് അന്വേഷണം നടത്തുന്നതിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. സിസിടിവി പരിശോധനയിൽ സംശയാസ്പദമായ സാഹര്യത്തില്‍ നമ്പര്‍ വ്യക്തമല്ലാത്ത ഒരു വെള്ള കാര്‍ കണ്ടെത്തി. യോഗേന്ദറിന്‍റെ ഭാര്യാ സഹോദരനായ അനീസ് പാലിന്റെതാണ് കാറെന്ന് കുടുംബം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

കാണാതാകുന്നതിന് തൊട്ടുമുമ്പ് യോഗേന്ദറുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നതിന്‍റെ തെളിവും പൊലീസിന് ലഭിച്ചു. ചോദ്യം ചെയ്യലിൽ അനീസ് കുറ്റം സമ്മതിച്ചതിനെത്തുടർന്ന് നവംബർ 18ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റം ചെയ്യാനുപയോഗിച്ച കത്തി, കാറിൽ നിന്ന് കണ്ടെത്തിയ രക്തക്കറയുള്ള സീറ്റ് കവറുകൾ, കുറ്റം ചെയ്യുമ്പോൾ പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, മൃതദേഹം ഉപേക്ഷിച്ച ശേഷം കാർ കഴുകുന്ന സിസിടിവി ദൃശ്യങ്ങൾ എന്നിവ പൊലീസ് കണ്ടെത്തി.

നവംബർ 5ന് രാത്രി അനീസും യോഗേന്ദറും തമ്മില്‍ കടുത്ത വാക്കുതർക്കം ഉണ്ടാവുകയും അനീസ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യോഗേന്ദറിനെ കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് ഇയാൾ വസ്ത്രങ്ങൾ നീക്കം ചെയ്ത് മൃതദേഹം ഐപി കോളനിക്ക് സമീപമുള്ള ഓടയിൽ തള്ളി.

കണ്ടെത്തിയ വാഹനത്തിന്റെയും മറ്റു വസ്തുക്കളുടെയും ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുറ്റകൃത്യത്തില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. 

ENGLISH SUMMARY:

Delhi Murder: A 35-year-old has been arrested for allegedly stabbing his brother-in-law to death and dumping the body in a drain in Delhi's Swaroop Nagar. Police investigation revealed CCTV footage and forensic evidence linking the accused to the crime.