ബിഹാർ ആർക്കൊപ്പം എന്ന് ഇന്ന് അറിയാം. നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇട നൽകരുതെന്നുമാണ് തേജസ്വി യാദവിന്റെ പ്രതികരണം.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎക്ക് ആത്മവിശ്വാസം പകരുന്നതാണ്. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റും, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ മുന്നേറ്റം നടത്തില്ലെന്നും ആണ് പ്രവചനം.
എൻഡിഎയുടെ സ്ത്രീകൾക്കായുള്ള വാഗ്ദാനങ്ങളും പദ്ധതികളും ഫലം കണ്ടെന്നാണ് വിലയിരുത്തൽ. വിജയം ഉറപ്പെന്നും 18ന് സത്യപ്രതിജ്ഞ ചെയ്തു മുഖ്യമന്ത്രിയാകുമെന്നാണ് ഇന്ത്യ സഖ്യ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെ മറുപടി. തേജസ്വിക്കുള്ള പിന്തുണ, ഭരണ വിരുദ്ധ വികാരം തൊഴിലില്ലായ്മ, യുവാക്കളുടെ പ്രശ്നങ്ങൾ, വോട്ട് കൊള്ളക്കെതിരായ പോരാട്ടം തുടങ്ങിയവ ഫലം കണ്ടു എന്നാണ് ഇന്ത്യാസഖ്യം അവകാശപ്പെടുന്നത്.
അതേസമയം ഇവിഎമ്മുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഇന്ത്യാ സഖ്യം ഉന്നയിച്ചിട്ടുണ്ട്. മുസ്തഫർപൂർ,ബാഗൽപൂർ തുടങ്ങിയ ഇടങ്ങളിലെ സിസിടിവികൾ ഓഫ് ചെയ്തിരിക്കുകയാണെന്നും സസറാമിൽ നിന്ന് ഇവിഎമ്മുകൾ ട്രക്കിൽ കയറ്റി എന്നും ഇന്ത്യ സഖ്യം ആരോപിക്കുന്നു.