AI Generated Image
ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയയാളുടെ മൃതദേഹാവശിഷ്ടങ്ങൾ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ. ഗുജറാത്തിലെ അഹമ്മദാബാദിലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ മുഹമ്മദ് ഇസ്രായേൽ അക്ബറലി അൻസാരിയാണ് കൊല്ലപ്പെട്ടത്.
2015-ലാണ് അൻസാരി റുബിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പിന്നീട് ജോലിയുടെ ഭാഗമായി സ്വന്തം ഗ്രാമമായ സിവാനില്‍ നിന്ന് ഭാര്യക്കും രണ്ട് കുട്ടികൾക്കുമൊപ്പം അൻസാരി അഹമ്മദാബാദിലേക്ക് മാറി താമസിച്ചു. ഇതിനിടെ റുബി ഇമ്രാൻ അക്ബർഭായ് വഗേല്‍ എന്നയാളുമായി പ്രണയത്തിലായി. ഇവരുടെ പ്രണയത്തിന് അന്‍സാരി തടസമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. കൂടാതെ അന്‍സാരി ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ആരോപണമുണ്ട്.
റുബിയും വഗേലയും മറ്റ് രണ്ട് പേരും ചേർന്ന് കത്തി ഉപയോഗിച്ച് അൻസാരിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതികൾ റുബിയുടെയും അൻസാരിയുടെയും വീടിന്റെ അടുക്കളയിൽ ഒരു കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയും, സിമന്റും ടൈലുകളും ഉപയോഗിച്ച് മൂടുകയും ചെയ്തു.
ഒരു വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് വഗേലയെ അറസ്റ്റ് ചെയ്യുകയും, ചോദ്യം ചെയ്യലിൽ പ്രതി അൻസാരിയെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുക്കുകയും ചെയ്തു. മൃതദേഹം പുറത്തെടുക്കുന്നതിനിടെ അസ്ഥികൾ, കോശങ്ങൾ, മുടി എന്നിവയുൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കണ്ടെടുത്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.