ഒട്ടിസം ബാധിച്ച 12 വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് തടവ് ശിക്ഷ. സിംഗപ്പൂരിലെ ഒരു അക്വാട്ടിക് കോംപ്ലക്സിലാണ് സംഭവം. അക്വാട്ടിക് കോംപ്ലക്സിലെ ലൈഫ്ഗാര്‍ഡ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടിയുടെ കൗണ്‍സിലര്‍ നല്‍കിയ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് കേസില്‍ പ്രതിയായ ആങ് ഷിവെയ്ക്കെതിരായ കുറ്റം തെളിയിക്കാന്‍ സഹായകമായത്.

അതിക്രമമുണ്ടായെങ്കിലും ആരോടെങ്കിലും സ്വന്തം അനുഭവം പ്രകടിപ്പിക്കാനോ പരാതിപ്പെടാനോ കുട്ടിക്ക് കഴിഞ്ഞില്ല. ഓട്ടിസ്റ്റിക്കായ കുട്ടിയെ കൗണ്‍സിലിങ് നടത്തുന്നതിനിടൊണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കൗണ്‍സിലര്‍ ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. തുടര്‍ന്ന് അക്വാട്ടിക് കോംപ്ലക്സിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് തെളിവുകള്‍ ലഭിച്ചു.

പ്രതിയായ ആങ് ഷി വെയ്ക്ക് കുട്ടിയുടെ രോഗാവസ്ഥയെ കുറിച്ച് ധാരണയുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 25-ന് വൈകുന്നേരം 4 മണിക്ക് യിഷുൻ അക്വാട്ടിക് കോംപ്ലക്സിലെ ശുചിമുറിക്ക് സമീപമുള്ള വെൻഡിംഗ് മെഷിന്‍റെ അടുത്തേക്ക് കുട്ടി തനിച്ചു നടന്നുപോകുന്നത് പ്രതി ആങ് കണ്ടു. ചുറ്റും ആളുകളുണ്ടോയെന്ന് നോക്കിയ ശേഷം, ആങ് വലത് കൈകൊണ്ട് കുട്ടിയുടെ ഷോർട്ട്സിന് മുകളിലൂടെ നിതംബത്തിൽ സ്പർശിക്കുകയും ശേഷം നടന്നുപോവുകയും ചെയ്തു. അതിനുശേഷം, പ്രതി വീണ്ടും ഇരയുടെ അടുത്തേക്ക് നടന്ന് നിതംബത്തിൽ സ്പർശിച്ചു. ഈ ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്ന് ലഭിച്ചത്.

തുടര്‍ന്ന് കുട്ടി അമ്മയ്ക്കൊപ്പമാണ് ഉണ്ടായിരുന്നത്. പ്രതി ഇവരെ പിന്തുടര്‍ന്ന് നിരീക്ഷിച്ചെങ്കിലും കൂടുതൽ അതിക്രമങ്ങൾ ഒന്നും നടത്തിയില്ല. പ്രതിയുടെ എല്ലാ പ്രവർത്തികളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാർഡാണ് പ്രതിയെക്കുറിച്ചുള്ള വിവരം തന്‍റെ സൂപ്പർവൈസറോട് പറഞ്ഞത്.

ലൈഫ് ഗാർഡ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഒക്ടോബർ 28-ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനക്കേസിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഡിസംബർ 4-ന് കോടതി ഇയാൾക്ക് 10 മാസവും രണ്ടാഴ്ചയും തടവുശിക്ഷ വിധിച്ചു. 2026 ജനുവരി 2-ന് ഇയാളുടെ ശിക്ഷാകാലാവധി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ENGLISH SUMMARY:

Child sexual abuse in Singapore results in jail time for the perpetrator. The accused was convicted based on CCTV footage and testimony related to the abuse of a 12-year-old autistic child at an aquatic complex.