ചെന്നൈ നൊലമ്പൂരില്‍ 71കാരിയെ ആഭരണങ്ങള്‍ക്കായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പരിശോധനയില്‍ വയോധിക ധരിച്ചിരുന്നത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം.
പെരിയ നൊലമ്പൂരില്‍ തനിച്ച് താമസിക്കുകയായിരുന്നു 71കാരി. ഇന്നലെ രാത്രി 10 മണിയോടെ സഹായമഭ്യര്‍ഥിച്ച് ഉറക്കെ കരയുന്ന ശബ്ദം അയല്‍വാസികള്‍ കേട്ടു. അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും 71 കാരി ബോധരഹിതയായി കിടക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 65കാരനായ ഏഴുമലൈയാണ് ഇതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
വയോധികയുടെ വീടിനകത്ത് കയറിയ ഏഴുമലൈ ഇവരുടെ മാലയും കമ്മലും അടക്കമുള്ള ആഭരണങ്ങള്‍ കവരാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ ബഹളം വച്ചു. പിടിക്കപ്പെടുമെന്നായപ്പോള്‍ വയോധികയെ ഏഴുമലൈ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ ആഭരണങ്ങള്‍ മുക്കുപണ്ടമായിരുന്നു. വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പോക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.