TOPICS COVERED

കൊച്ചിയില്‍ യുഎസ് പൗരനെ  ആക്രമിച്ച് പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ രണ്ട് പേര്‍ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുളന്തുരുത്തി സ്വദേശി ആദര്‍ശ്, പള്ളുരുത്തി സ്വദേശി ആകാശ് എന്നിവരാണ് പിടിയിലായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികളെ പിടികൂടിയ പൊലീസിന് യുഎസ് പൗരന്‍റെ അഭിനന്ദനം. 

ന്യൂയോര്‍ക്കിലെ ഐടി പ്രഫഷനലായ യുഎസ് പൗരന്‍ ഇന്‍ഫോപാര്‍ക്കില്‍ ഐടി കമ്പനി തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി  വെള്ളിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. മറൈന്‍ഡ്രൈവിലെ ഹോട്ടലിലായിരുന്നു താമസം. തൊട്ടടുത്ത ദിവസം മദ്യം വാങ്ങാന്‍ ശ്രമിച്ചപ്പോളാണ് വോട്ടെണ്ണലാണെന്നും ബാര്‍ അടക്കം അവധിയാണെന്ന് മനസിലായത്. ഈ അവസരത്തിലാണ് മറൈന്‍ ഡ്രൈവ് പരിസരത്ത് ചുറ്റിത്തിരിഞ്ഞ ആദര്‍ശ് സഹായത്തിനെത്തുന്നത്. ബ്ലാക്കില്‍ മദ്യംവാങ്ങി യുഎസ് പൗരന് കൈമാറി. ഇതോടെ ഒപ്പം മദ്യപിക്കാന്‍ ആദര്‍ശിനെ യുഎസ് പൗരന്‍ ഹോട്ടല്‍ മുറിയിലേക്ക് കൂട്ടി. 

രാത്രി ഇരുവരും മദ്യപിച്ചു ലഹരിയില്‍ ഉറങ്ങിപോയി. തൊട്ടടുത്ത ദിവസം രാവിലെ കോഴിക്കോട് പോകാനായി യുഎസ് പൗരന്‍ ഉണര്‍ന്നതിന് പിന്നാലെ ആദര്‍ശിനെയും വിളിച്ചുണര്‍ത്തി. തൊട്ടുപിന്നാലെ ശുചിമുറിയില്‍ കയറിയ ആദര്‍ശ് ആകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. വാതില്‍ തുറന്നതോടെ മുറിയിലേക്ക് അതിക്രമിച്ച കയറിയ ആകാശും ആദര്‍ശും ചേര്‍ന്ന് യുഎസ് പൗരനെ ബന്ദിയാക്കി. ശുചിമുറിയില്‍ കൊണ്ടുപോയി കത്തികൊണ്ടും കൈക്കൊണ്ടും മര്‍ദിച്ചു. ഭീഷണിപ്പെടുത്തി അക്കൗണ്ടിലുണ്ടായിരുന്നു 75,000 രൂപ മൂന്ന് അക്കൗണ്ടുകളിലേക്ക് അയപ്പിച്ചു. കയ്യിലുണ്ടായിരുന്ന മോതിരവും ഡോളറും തട്ടിയെടുത്തു. 

ഇതിന് പുറമെ എടിഎം കാര്‍ഡുകളും തട്ടിയെടുത്ത് നാല്‍പതിനായിരം രൂപ പിന്‍വലിച്ചു. ശേഷം ഇരുവരും മുറി പുറത്തു നിന്ന് പൂട്ടി  രക്ഷപ്പെട്ടു. ഹോട്ടല്‍ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സെന്‍ട്രല്‍ പൊലീസിന്‍റെ പരിശോധനയില്‍ റൗഡില്‍ ലിസ്റ്റില്‍പ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശ്  പേട്ടയിലുണ്ടെന്ന് വിവരം ലഭിച്ചത്. പൊലീസ് എത്തിയതോടെ ആദര്‍ശ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഓടി. മെട്രോ സ്റ്റേഷന് മുന്നിലൂടെ ഓടിയ ആദര്‍ശിനെ പൊലീസും പിന്തുടര്‍ന്ന് അതിസാഹസികമായാണ് കീഴടക്കിയത്. തൊട്ടുപിന്നാലെ കൂട്ടാളി ആകാശും പിടിയിലായി. കൊച്ചി സിറ്റി പൊലീസിന്‍റെ മിന്നല്‍ വേഗത്തിലുള്ള ഇടപെടലിന് യുഎസ് പൗരന്‍ നന്ദി അറിയിച്ചു. 

പള്ളുരുത്തിയില്‍ പൊലീസ് ജീപ്പ് ആക്രമിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ആദര്‍ശ്. ആകാശിനെതിരെയും അടിപിടി, പിടിച്ചുപറിയടക്കം ഒരു ഡസനിലേറെ കേസുകളുണ്ട്. യുഎസ് പൗരനില്‍ നിന്ന് തട്ടിയെടുത്ത പണവും സ്വര്‍ണ മോതിരവും പ്രതികളില്‍ നിന്ന് കണ്ടെത്തി. സെന്‍ട്രല്‍ സിഐ അനീഷ് ജോയ്, എസഐ അനൂപ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 

ENGLISH SUMMARY:

Kochi Police have arrested two accused, Adarsh (from Mulanthuruthy) and Akash (from Palluruthy), both with multiple criminal records, for robbing and assaulting a US citizen staying at a Marine Drive hotel. The US citizen, an IT professional from New York in Kochi for business discussions, took Adarsh to his room after Adarsh helped him procure liquor illegally. After drinking, Adarsh called in Akash, and the duo attacked the victim, holding him hostage, forcing him to transfer ₹75,000 from his account, and stealing his ring and dollar currency. They later withdrew another ₹40,000 using his ATM cards. Adarsh was dramatically caught after a chase following his attempt to flee from a building rooftop. The victim commended the Kochi City Police for their swift action.