ഉത്തർപ്രദേശിലെ മിർസാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവേ നാലുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ചുനാര്‍ ജങ്ഷനില്‍ ചോപ്പാൻ-പ്രയാഗ് രാജ് എക്സ്പ്രസിൽ നിന്ന് പ്ലാറ്റ്‌ഫോമിന് എതിർവശത്തുള്ള ഭാഗത്ത് ഇറങ്ങിയതായിരുന്നു നാലുപേരും. ട്രാക്കുകൾ മുറിച്ചുകടക്കാൻ ശ്രമിക്കവേ എതിർദിശയിൽ നിന്ന് വന്ന ഹൗറ-കാൽക്ക നേതാജി എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നാലുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
ഇന്നു രാവിലെയാണ് സംഭവം. പ്ലാറ്റ്ഫോം വശത്ത് ഇറങ്ങാതെ എതിര്‍ഭാഗത്ത് അശ്രദ്ധമായി ഇറങ്ങിയോടിയതാണ് അപകടകാരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.