ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇന്ത്യ സഖ്യത്തിന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി തിരഞ്ഞെടുപ്പ് തന്ത്രത്തില്‍ മാറ്റം വരുത്തുന്നു. പാര്‍ട്ടിയുടെ 'പ്രൊ മുസ്‍ലിം' ഇമേജ് മാറ്റാന്‍ തിരഞ്ഞെടുപ്പ് തന്ത്രമായ പിഡിഎയില്‍ നിന്നും മുസ്‍ലിമിനെ ഒഴിവാക്കാനാണ് അഖിലേഷ് യാദവിനെ തീരുമാനം.
Also Read: ബിജെപിയെ തകർത്തടിച്ച അഖിലേഷ് തന്ത്രം; എന്താണ് യുപിയിലെ പിഡിഎ..?
സമാജ്‍വാദി പാര്‍ട്ടിയുടെ പ്രധാന വോട്ട് ബാങ്കുകളായ പിന്നോക്ക വിഭാഗങ്ങളെ സൂചിപ്പിക്കുന്ന പിച്ചഡ, ദളിത്, മുസ്‍ലിങ്ങളെ സൂചിപ്പിക്കുന്ന അല്‍പസംഖ്യക് എന്നിവയാണ് പിഡിഎ കൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ പിഡിഎയിലെ ''എ'' മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അല്‍പസംഖ്യകിന് പകരം സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന 'ആദി അബാദി' എന്ന മുദ്രാവാക്യം കൊണ്ടുവരാനാണ് പാര്‍ട്ടി തീരുമാനം.
പാര്‍ട്ടി എംപിമാരായ ഡിംപിൾ യാദവ്, പ്രിയ സരോജ്, ഇക്ര ഹസൻ, കൃഷ്ണ ദേവി എന്നിവര്‍ പാര്‍ലമെന്‍റിന് പുറത്ത് നില്‍ക്കുന്ന ചിത്രം അഖിലേഷ് യാദവ് എക്സില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഈ സാധ്യത ഉയര്‍ന്നത്. ഫോട്ടോയ്ക്കൊപ്പം അഖിലേഷ് പങ്കുവച്ച കുറിപ്പില്‍ പിഡിഎ യിലെ എ സ്ത്രീകളാണെന്ന് പറയുന്നു.
"എസ്പിയുടെ ഉത്തരവാദിത്തമുള്ള പ്രതിനിധികൾ പാർലമെന്‍റില്‍ പിഡിഎയുടെ പതാക ഉയർത്തിപ്പിടിക്കുന്നു. വെറും വാക്കുകളിലൂടെയല്ല, സ്ത്രീകൾക്ക് ശരിയായ പ്രാതിനിധ്യം നൽകുന്നതിലൂടെയാണ് വനിതാ ശാക്തീകരണം കൈവരിക്കാൻ കഴിയുന്നത്. പി.ഡി.എ.യിലെ 'എ' യുടെ ഭാഗമായ ഓരോ സ്ത്രീക്കും ആദരവ് നൽകുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം," എന്നാണ് അഖിലേഷ് എഴുതിയത്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ 37 സീറ്റില്‍ ജയിക്കാന്‍ എസ്പിക്ക് സാധിച്ചത് കൃത്യമായ പിഡിഎ തന്ത്രമായിരുന്നു. ദളിത്, പിന്നോക്ക വിഭാഗക്കാര്‍ എസ്പിക്ക് പിന്നില്‍ അണിനിരന്നതോടെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ശേഷം അയോധ്യയിലടക്കം ബിജെപിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ പ്രൊ മുസ്‍ലിം ഇമേജ് ഒഴിവാക്കുകയാകാം ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കി. മുസ്‍ലിം– യാദവ വോട്ട് കൊണ്ടു മാത്രം ജയിക്കാന്‍ സാധിക്കില്ലെന്നും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മുസ്‍ലിം വോട്ട് വിഭജിച്ചത് കാണാനായെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.