ഝാർഖണ്ഡിലെ ഗുമ്‌ല ജില്ലയില്‍ പ്രായപൂർത്തിയാകാത്ത തന്റെ ഗർഭിണിയായ കാമുകിയെ യുവാവ് കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നു. റായ്ദിഹ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പുരാന റായ്ദിഹ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടയത്. 17-കാരിയായ അൻഷിക തിർക്കി അഞ്ചുമാസം ഗർഭിണിയായിരുന്നു.
ഛത്തീസ്ഗഢിലെ ധരംജയ്ഗഢിലെ ശാന്തിനഗർ സ്വദേശിയായ പെൺകുട്ടി ഒരാഴ്ചയായി പ്രതി സുമൻ യാദവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. രാവിലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി എന്ന് നാട്ടുകാർ പറയുന്നു. തുടർന്ന് കോപാകുലനായ സുമൻ ഒരു കോടാലി എടുത്ത് അൻഷികയെ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ചുതന്നെ യുവതി മരിക്കുകയും ചെയ്തു.
പ്രതി സുമൻ യാദവ് രക്ഷപ്പെടാനോ കുറ്റം ഒളിച്ചുവെക്കാനോ ശ്രമിച്ചില്ല, പകരം പൊലീസ് എത്തുന്നതുവരെ വീടിനുള്ളിൽ തന്നെ തുടർന്നു. റായ്ദിഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് സന്ദീപ് കുമാർ യാദവിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി യാദവിനെ അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗുമ്‌ല സദർ ആശുപത്രിയിലേക്ക് അയച്ചു. യാദവ് കൊലപാതകം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.