വനിതാ ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ച ജമീമ റോഡ്രിഗ്സിനെതിരെ വിമര്‍ശനവുമായി തമിഴ്നാട്ടിലെ ബിജെപി നേതാവ് കസ്തൂരി ശങ്കര്‍. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്നായിരുന്നു ജമീമ പറഞ്ഞത്. ഇതിനെയാണ് കസ്തൂരി ശങ്കര്‍ വിമര്‍ശിച്ചത്.

ശ്രീരാമന്‍റെ പേരിലോ ശിവന്‍റെ അനുഗ്രഹത്താലോ ഹനുമാന്‍ ജിയുടെ പേരിലോ ആരെങ്കിലും നന്ദി പറഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ സാധിക്കുന്നില്ല എന്നാണ് കസ്തൂരി എക്സില്‍ കുറിച്ചത്. 'മത്സരത്തിനിടെ അവശയായിരുന്നു.. ക്ഷീണിതയായിരുന്നു, പക്ഷെ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു' എന്നാണ് ജമീമ പറഞ്ഞത്.

'യേശുവിനോട് നന്ദി പറയുന്നു, ഒരു ക്രെഡിറ്റുമെടുക്കാൻ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ എല്ലാം പിന്തുണ എനിക്ക് ഊർജമായി. അമ്മയ്ക്കും അച്ഛനും എൻ്റെ കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു' എന്നിങ്ങനെയായിരുന്നു ജമീമയുടെ വാക്കുകള്‍.

ഈ പ്രതികരണത്തെയാണ് കസ്തൂരി വിമര്‍ശിച്ചത്. 'ദൈവം ജെമീമയെ അനുഗ്രഹിക്കട്ടെ. പക്ഷേ, ആരെങ്കിലും ജയ് ശ്രീ റാം എന്നോ ഹർ ഹർ മഹാദേവ് എന്നോ സത് ശ്രീ അകൽ എന്നോ പറഞ്ഞാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിയില്ല' എന്നാണ് ഒരു പോസ്റ്റിന് മറുപടിയായി കസ്തൂരി എഴുതിയത്. ഇതിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കും കസ്തൂരി മറുപടി പറയുന്നുണ്ട്.

'ജെമീമയുടെ വിശ്വാസത്തിൽ ഞാൻ സന്തോഷിക്കുന്നു. എന്തുകൊണ്ടാണ് നമ്മൾ മറ്റ് വികാരങ്ങളെ അതേ രീതിയിൽ പരിഗണിക്കാത്തത്' എന്നാണ് കസ്തൂരി ചോദിക്കുന്നത്. താനൊരു കപട മതേതരവാദിയല്ലെന്നും കപട സാമൂഹിക സ്വഭാവങ്ങളെയാണ് താന്‍ ചൂണ്ടിക്കാണിക്കുന്നതെന്നും മറ്റൊരു വിമര്‍ശനത്തിന് കസ്തൂരി മറുപടി പറയുന്നുണ്ട്.

നേരത്തെ മുംബൈയിലെ ജിംഖാന ക്ലബ്ബിന്റെ പരിസരം മതപരിവർത്തന പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടർന്ന് ജമീമയുടെ കുടുംബത്തിന്റെ അംഗത്വം ക്ലബ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ജെമീമ റോഡ്രിഗസിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്.

ENGLISH SUMMARY:

Jemimah Rodrigues controversy arose after expressing gratitude to Jesus following India's victory in the Women's World Cup semi-final, leading to criticism from BJP leader Kasturi Shankar. This sparked debate on social media regarding religious expression in sports and double standards.