മലയില്‍ നിന്നും ഉരുണ്ടുവന്ന പാറ ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വീണ് 43കാരിയ്ക്ക് ദാരുണാന്ത്യം. പൂനെയിൽ നിന്ന് മാൻഗാവനിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഗുജറാത്ത് സ്വദേശിനി സ്നേഹലാണ് മരിച്ചത്. മഹാരാഷ്ട്രയിലെ മലയോര പാതയിലുള്ള താംഹിനി ഘട്ടില്‍ വച്ചാണ് അപകടം . സണ്‍റൂഫും തകര്‍ത്തുവന്ന പാറ സ്നേഹലിന്‍റെ തലയിലാണ് വീണത് . അവര്‍ തല്‍ക്ഷണം മരിച്ചു.
മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ ആശങ്ക സൃഷ്ടിക്കുന്ന സംഭവമാണിത്. മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോവുകയായിരുന്ന ഒരു സ്വകാര്യ ആഢംബര ബസ് സമൃദ്ധി ഹൈവേയിൽ വെച്ച് കഴിഞ്ഞ ദിവസം കത്തിനശിച്ചിരുന്നു. നാഗ്പൂര്‍ ലൈനിലാണ് അപകടമുണ്ടായത്. ഡ്രൈവർ സമയോചിതമായി ഇടപെട്ട് ബസ്സിലെ യാത്രക്കാരെ പുറത്തിറക്കിതിനാല്‍ വലിയൊരു അപകടം ഒഴിവായി.
ഒക്ടോബർ 18-ന് മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ അമിത വേഗതയിലായിരുന്ന ഒരു മിനി ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.