turkey-erdogan

2023 ഫെബ്രുവരി 6, അതിതീവ്ര ഭൂകമ്പത്തില്‍ യൂറേഷ്യന്‍ രാജ്യമായ തുര്‍ക്കി കിടുങ്ങി. ദക്ഷിണ മധ്യമേഖലകളിലെ പട്ടണങ്ങള്‍ ഉടഞ്ഞുവീണു. അരലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇതിലേറെപ്പേര്‍ മണ്ണിനടിയിലായി.ദുരന്തത്തില്‍ താങ്ങായി ഓടിയെത്തിയവരില്‍ ഇന്ത്യയായിരുന്നു മുന്‍നിരയില്‍. ഓപ്പറേഷന്‍ ദോസ്ത് എന്ന പ്രത്യേക മിഷന്‍. ആറ് രക്ഷാവിമാനങ്ങള്‍ തുര്‍ക്കിയിലേക്ക് പറന്നു. തിരച്ചില്‍ സംവിധാനങ്ങളുമായി ഇന്ത്യന്‍ ദുരന്തനിവാരണ സേനയും അവിടെയെത്തി. നടുക്കം വിട്ടുമാറിയപ്പോള്‍ തുര്‍ക്കി ഇന്ത്യയ്ക്ക് ഉള്ളുതുറന്ന് നന്ദി പറഞ്ഞു. ഇത് ഇന്ത്യ–തുര്‍ക്കി സമീപകാല ബന്ധത്തിലെ ചാപ്റ്റര്‍ വണ്‍.

രണ്ടാം അധ്യായം പക്ഷേ വ്യത്യസ്തമാണ്. ഇന്ത്യ യുഎസില്‍ നിന്ന് വാങ്ങിയ എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി ചരക്കുവിമാനം ഇന്ത്യ ലക്ഷ്യമാക്കി പറക്കുന്നു. എന്നാൽ പാതിവഴിയില്‍ ദുരൂഹമായ തടസം. വിമാനം തിരികെ യു.എസിലെ കാലിഫോര്‍ണിയയ്ക്ക് മടങ്ങി. യഥാർത്ഥത്തിൽ ആ യാത്ര മുടക്കുകയായിരുന്നു. ഇതിന് പിന്നിൽ തുർക്കിയായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു.

എന്താണവിടെ സംഭവിച്ചത്? ജൂലൈയില്‍ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യബാച്ച് ഇന്ത്യയിലേക്ക് പറന്നപ്പോൾ ആരും തടസപ്പെടുത്തിയില്ല, ഇന്ത്യൻ മണ്ണിൽ സുരക്ഷിതമായി എത്തിച്ചു. അന്നില്ലാത്ത വ്യോമപാതയിലെ സങ്കീർണതകൾ ഇപ്പോൾ എങ്ങനെയുണ്ടായി? പാക്കിസ്ഥാനുമായുള്ള തുർക്കിയുടെ പുതിയ സൗഹൃദമാണ് ഇതിനുപിന്നില്‍ എന്നാണ് വെളിപ്പെടുന്നത്. അതുകൊണ്ടുതന്നെ മൂന്നാം ചാപ്റ്റർ അതിസങ്കീർണമാണ്.

ചെങ്കോട്ട സ്ഫോടനം

നവംബർ 10 തിങ്കളാഴ്ച. ഡല്‍ഹി ചെങ്കോട്ടയ്ക്ക് മുന്നിലെ തിരക്കേറിയ റോഡിൽവച്ച് ഐ20 കാർ പൊട്ടിത്തെറിച്ച് 12 പേര്‍ കൊല്ലപ്പെട്ടു. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും പരക്കം പാഞ്ഞു,. അറസ്റ്റ്, അന്വേഷണം, വൈറ്റ് കോളര്‍ ഭീകരരായ ഡോക്ടര്‍മാര്‍ അങ്ങനെ ചുരുളുകള്‍ ഓരോന്നായി നിവര്‍ന്നു. ആ അന്വേഷണത്തിലാണ് ഡല്‍ഹി സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഹമ്മല്‍ ഷക്കീലും ഉമര്‍ നബിയും തുര്‍ക്കിയില്‍ പോയി പലരെയും കാണുകയും ചര്‍ച്ച നടത്തുകയും ചെയ്തതായി രഹസ്യറിപ്പോര്‍ട്ട് ലഭിച്ചത്. ഇന്ത്യക്കെതിരായ ഗൂഢാലോചനയുടെ പ്രധാന ഭാഗം ഉരുത്തിരിഞ്ഞത് തുര്‍ക്കിയില്‍ നിന്നാണെന്നായിരുന്നു സൂചനകള്‍. ഇതോടെ മാസങ്ങളായി ഇന്ത്യ സംശയിച്ചിരുന്ന ഗൂഢബന്ധം മറനീക്കി. എന്നാല്‍ ആരോപണം അസംബന്ധമെന്നാണ തുര്‍ക്കിയുടെ നിലപാട്.

  തുര്‍ക്കിയിലെ പ്ലാനിങ്

അപ്രതീക്ഷിതമായി ഉണ്ടായ സ്ഫോടനത്തില്‍ ഇന്ത്യ തെല്ലൊന്ന് പകച്ചെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ മുക്കും മൂലയും അരിച്ചുപെറുക്കുകയാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍. പാക്കിസ്ഥാന്‍–തുര്‍ക്കി നെക്സസിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഒന്നു പുറകോട്ട് കണ്ണോടിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.

ഈ ചങ്ങാത്തത്തിന്റെ കെട്ടുറപ്പ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് ഇന്ത്യ തിരിച്ചറിഞ്ഞതാണ്. പാക്കിസ്ഥാന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്ന ഉറ്റ ചങ്ങാതിയാണ് തുര്‍ക്കി. ഇന്ത്യയ്ക്കെതിരെ ഡ്രോണുകള്‍ കൊണ്ടുള്ള കലാശക്കളിയാണ് പാക്കിസ്ഥാന്‍ പുറത്തെടുത്തത്, അന്ന് ഇന്ത്യ എയ്തുവീഴ്ത്തിയ ഡ്രോണ്‍ അവശിഷ്ടങ്ങളില്‍ നിന്ന് ആ ആയുധക്കൂട്ടുകെട്ട് ഉറപ്പിച്ചു. തുര്‍ക്കി സായുധസേനയ്ക്ക് അസിസ്ഗാര്‍ഡ് നിര്‍മിച്ചു നല്‍കിയ സോന്‍ഗര്‍ ഡ്രോണുകളായിരുന്നു പാകിസ്ഥാന്‍ ഇങ്ങോട്ടയച്ചത്.

മേയില്‍ തുര്‍ക്കിയുടെ അദാ-ക്ലാസ് അന്തർവാഹിനി വിരുദ്ധ പോരാട്ട (ASW) കോർവെറ്റായ ടിസിജി ബ്യൂക്ക്അദ, കറാച്ചി തുറമുഖത്ത് നങ്കൂരമിട്ടു. ഇന്ത്യ–പാക് സംഘര്‍ഷ കാലത്തുള്ള ഈ നീക്കവും ഇന്ത്യ കാണാതിരുന്നില്ല.

തുര്‍ക്കിയുടെ വിക്ടറി ദിനത്തില്‍  പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് തുര്‍ക്കി സന്ദര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് നല്‍കുന്ന കരുത്തുറ്റ പിന്തുണയ്ക്ക് തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന് ഷെഹബാസ് ഷരീഫിന്റെ നന്ദി പറച്ചില്‍

അഫ്ഗാനിസ്ഥാന്‍–പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഖത്തറിനു പുറമെ പ്രധാന മധ്യസ്ഥരായത് തുര്‍ക്കിയായിരുന്നു. പാക്കിസ്ഥാനു വേണ്ടി സംസാരിക്കാന്‍ തുര്‍ക്കിയെത്തുമെന്ന പരസ്യപ്രഖ്യാപനമായിരുന്നു അത്.ഇന്ത്യയുടെ കണ്ടെത്തല്‍ ,ഉഭയകക്ഷി ബന്ധം തകര്‍ക്കാനുള്ള ആരോപണമെന്നുപറഞ്ഞ് തുർക്കിയുടെ വ്യാജവാര്‍ത്ത തടയല്‍ വകുപ്പ് നിഷേധിച്ചെങ്കിലും ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങളുമായി തുർക്കിക്ക് ബന്ധമുണ്ടെന്നും തീവ്രവാദ ഗ്രൂപ്പുകൾക്ക് ലോജിസ്റ്റിക്കൽ, സാമ്പത്തിക സഹായങ്ങള്‍ നൽകുന്നുവെന്നും ഉറപ്പിക്കാവുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. ഡൽഹി സ്ഫോടനത്തിലെ അന്വേഷണം കൂടുതല്‍ കാര്യങ്ങളിലേക്ക് വെളിച്ചം വീശിയേക്കാം.

എര്‍ദോഗന്റെ കണ്ണിലെ കരട്

തുർക്കി പ്രസിഡന്റ് റെസപ് തയ്യിപ് എർദോഗന്റെ മുഖംമൂടി അഴിഞ്ഞുവീഴുകയാണോ? ഹമാസ് –ഇസ്രയേല്‍ യുദ്ധത്തില്‍ പരസ്യമായി ഹമാസിനെ പിന്തുണച്ച നേതാവാണ് എര്‍ദോഗന്‍.  ജൂത രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യാന്‍ മടിയില്ലെന്ന് തുറന്നുപറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയേയും വംശഹത്യാസംഘം എന്നും ഇസ്രയേലിനെ ഭീകരരാഷ്ട്രം എന്നും വിളിച്ചത് തലക്കെട്ടുകളായി. ഹമാസിന്റെ ഉന്നത നേതാക്കള്‍ക്ക് എര്‍ദോഗന്‍ ആതിഥ്യം അരുളിയതും ഇസ്താംബുളിലെ താവളത്തില്‍ നിന്ന് ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തതും വാര്‍ത്തകളായി. തങ്ങളൊരു ഡ്രോണ്‍ ശക്തിയാണെന്നും ആണവായുധം വികസിപ്പിക്കുമെന്നും എ‍ര്‍ദോഗന്‍ വിളിച്ചുപറയുന്നു.

സുഡാനിലെ ഡാര്‍ഫര്‍ വംശഹത്യയെ ന്യായീകരിച്ചും രാജ്യാന്തര ക്രിമിനൽ കോടതി കുറ്റം ചുമത്തിയ പ്രസിഡന്റ് ഒമർ അൽ-ബഷീറിനെ  തുർക്കിയിലേക്ക് സ്വാഗതം ചെയ്തും എര്‍ദോഗന്‍ നിലപാട് വ്യക്തമാക്കുന്നു. വംശീയതയിലൂന്നിയ എര്‍ദോഗന്റെ അന്ധമായ നിലപാട് തന്നെയാണ് ഇന്ത്യക്കുനേരെയുള്ള നീക്കങ്ങള്‍ക്കു പിന്നിലുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

തുര്‍ക്കി പകച്ചു നിന്ന പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ഉടനടി സഹായിച്ചവരാണ് ഇന്ത്യ. രക്ഷാപ്രവര്‍ത്തനത്തിന് അഹോരാത്രം പണിയെടുത്തവരാണ് നമ്മുടെ സേന. 10 കോടി നല്‍കി കൊച്ചുകേരളവും കൈകോര്‍ത്തതാണ്. അങ്ങനെയുള്ള രാജ്യത്താണ് അണിയറയില്‍ നിന്ന് തുര്‍ക്കി കുത്തിത്തിരിപ്പുണ്ടാക്കുന്നത്. ഇത് പാല്‍കൊടുത്ത കയ്യില്‍ കൊത്തുന്നതിനു തുല്യമാണ്. പ്രതികരിക്കാനുള്ള  സ്വാതന്ത്ര്യവും ശേഷിയും സ്വാധീനവും ഇന്ത്യയ്ക്കുണ്ടെന്ന് തിരിച്ചറിയുന്നത് തുര്‍ക്കിക്ക് നല്ലതാണ്.

ENGLISH SUMMARY:

India-Turkey relations are currently strained due to Turkey's alleged involvement in anti-India activities. This article explores the complex dynamics between the two nations, highlighting recent events and historical contexts that have led to this situation.