ബിഹാറിലെ ചരിത്രവിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലേക്ക് കടക്കാന്‍ എന്‍.ഡിഎ.. നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണെങ്കിലും അപ്രതീക്ഷിതമായ നീക്കങ്ങള്‍ തള്ളിക്കളയാനാവില്ല. നിതീഷ് മുഖ്യമന്ത്രി എന്നെഴുതിയ എക്‌സ് പോസ്റ്റ് ജെ.ഡി.യു പിന്‍വലിച്ചത് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മന്ത്രിസ്ഥാനം വീതംവയ്ക്കുന്നതില്‍ ഘടകകക്ഷികളുടെ നിലപാടും നിര്‍ണായകമാകും.
നിലവിലെ സാഹചര്യത്തില്‍ നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നിടത്തോളം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കാനാവില്ലെന്നുറപ്പ്. വെല്ലുവിളിയാവാന്‍ പോകുന്നത് മന്ത്രിസ്ഥാനം വീതംവയ്ക്കലാണ്. നിലവില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം 21 പേരാണ് മന്ത്രിസഭയിലെ ബിജെ.പി പ്രാതിനിധ്യം. മുഖ്യമന്ത്രി പദമുണ്ടെങ്കിലും 13 മന്ത്രിമാരെക്കൊണ്ട് ജെ.ഡി.യുവിന് തൃപ്തിപ്പെടേണ്ടിവന്നു. ബി.ജെ.പിയുമായുള്ള സീറ്റ് അന്തരം തന്നെയാണ് എണ്ണം കുറയാന്‍ കാരണം. നാല് എം.എള്‍.എമാര്‍ ഉണ്ടായിരുന്ന എച്ച്.എ.എമ്മിന് ഒരുമന്ത്രി സ്ഥാനം ലഭിച്ചു. ഇത്തവണ പക്ഷേ ബി.ജെ.പിയുമായി ജെ.ഡി.യുവിന് നേരിയ സീറ്റ് വ്യത്യാസം മാത്രമാണുള്ളത്.
അതുകൊണ്ട് മുഖ്യമന്ത്രി പദത്തിനൊപ്പം കൂടുതല്‍ മന്ത്രിമാര്‍ വേണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടേക്കാം. 19 സീറ്റില്‍ ജയിച്ച ചിരാഗ് പാസ്വാന്‍ ഉപമുഖ്യമന്ത്രി പദത്തിനടക്കം അവകാശവാദം ഉന്നയിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. മല്‍സരിച്ച ആറില്‍ അഞ്ചുസീറ്റും ജയിച്ച ജിതന്‍ റാം മാഞ്ചിയുടെ എച്ച്.എ.എമ്മും നാലു സീറ്റില്‍ ജയിച്ച ആര്‍.എല്‍.എമ്മും ആനുപാതികമായി മന്ത്രിപദം ചോദിക്കും. വകുപ്പുകളുടെ കാര്യത്തിലും ഘടകക്ഷികള്‍ വിലപേശല്‍ നടത്താന്‍ സാധ്യതയുണ്ട്. ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കും എന്നതാണ് എന്‍.ഡി.എക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി.