nurse-strike-kozhikode-3

നഴ്സുമാരുടെ സമരത്തിനിടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ സംഘർഷം. ആശുപത്രി അധികൃതരും നഴ്സിങ് വിദ്യാർഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരിൽ വിളിച്ചുവരുത്തി ജോലിക്ക് പ്രവേശിക്കാൻ നിർബന്ധിച്ചതായി വിദ്യാർഥികൾ ആരോപിച്ചു. ജോലിക്ക് പ്രവേശിച്ചില്ലെങ്കിൽ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു. Also Read: മന്ത്രി റിയാസിനെ കൂവി വിളിച്ച് നഴ്സുമാര്‍; സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി

സമരത്തിനിറങ്ങിയ നഴ്സുമാരെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സമരം ചെയ്ത നഴ്സുമാരെ പിരിച്ചുവിടുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയെന്നും നഴ്സുമാർ പറയുന്നു. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ന് മുതൽ സമ്പൂർണ പണിമുടക്ക് നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലടക്കം നഴ്സുമാർ പണിമുടക്കുന്നത്.

ഇന്നലെ രാത്രി തന്നെ ഇന്നത്തെ സമരം സംബന്ധിച്ച് നഴ്സുമാർ മാനേജ്മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ രാവിലെ നഴ്സുമാർക്ക് ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് തടഞ്ഞുവെച്ച് ജോലി ചെയ്യിപ്പിച്ചതായി യുഎൻഎ ഭാരവാഹികൾ ആരോപിക്കുന്നു. ഇന്ന് സമരത്തിന് കൂടുതൽ നഴ്സുമാർ എത്തിയിരുന്നു. ഇവരെ മാനേജ്മെന്റ് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി നഴ്സുമാർ ആരോപിക്കുന്നു. സമരം മുന്നോട്ട് കൊണ്ടുപോകും. അടിസ്ഥാന ആവശ്യങ്ങൾ പോലും ആശുപത്രി അധികൃതർ നൽകുന്നില്ല. ഇന്ന് ജോലി ചെയ്യാത്ത മുഴുവൻ സ്റ്റാഫുകളെയും ടെർമിനേറ്റ് ചെയ്യുമെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ ഭീഷണിയെന്നും നഴ്സുമാർ പറയുന്നു. അതേസമയം, നഴ്സുമാരെ കയ്യേറ്റം ചെയ്തുവെന്ന ആരോപണം ആശുപത്രി മാനേജ്മെന്റ് നിഷേധിച്ചു.

ENGLISH SUMMARY:

The nurses’ strike demanding a minimum salary of ₹40,000 has intensified in Kerala, with tensions rising at Baby Memorial Hospital in Kozhikode. A scuffle reportedly broke out between hospital authorities and nursing students after allegations that students were forced to work under the pretext of training classes. Nurses also claimed that management threatened to terminate those participating in the strike. The protest led by the United Nurses Association continues to disrupt services in several private hospitals, affecting patients across the state.