സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ നൂറിലേറെ ആശുപത്രികളിൽ നഴ്സുമാരുടെ പണിമുടക്ക് . എറണാകുളം, തൃശ്ശൂർ,കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കനത്ത സമരം. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിച്ചു.
സമരത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. നാല് ആശുപത്രികളില്‍ കിടത്തി ചികില്‍സ നിര്‍ത്തി. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനാണ് തീരുമാനം. പത്തിലധികം ചെറിയ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. അതിനിടെ കോഴിക്കോട് മന്ത്രി റിയാസിനെ സമരം ചെയ്യുന്ന നഴ്സുമാര്‍ കൂവി വിളിച്ചു. മാനാഞ്ചിറ മലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തിന് ശേഷം മടങ്ങുന്ന മന്ത്രിക്കെതിരെയായിരുന്നു പ്രതിഷേധം.
മിനിമം വേതനം വർധിപ്പിച്ച് സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് മറ്റു ജില്ലകളിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചത്. സമരം തുടരുന്ന ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച തുടരും. 40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം.