ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ഗൗരി എന്ന പേരുള്ള പശുക്കിടാവിന് ‘കൃഷ്ണക്കാല്‍’ വച്ചു പിടിപ്പിച്ചു. വെറ്ററിനറി ഡോക്ടര്‍ തപേഷ് മാത്തൂരിന്റെ പ്രത്യേക പരിചരണത്തിലാണ് പശുക്കിടാവ് ചലനശേഷി വീണ്ടെടുത്തത്. ജമ്മു കശ്മീരിൽ പാക് സൈന്യം നടത്തിയ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ഒന്നര വയസുകാരിയായ ഗൗരിക്ക് ഗുരുതരമായി പരുക്കേറ്റത്.
ആർ.എസ്. പുരയിലെ ഫത്തേപൂർ സാമരിയ പോസ്റ്റിലെ ചായക്കടക്കാരന്‍ രാജേഷിന്റെ പശുക്കിടാവാണ് ഗൗരി. മെയ് 20നുണ്ടായ ആക്രമണത്തില്‍ ഇയാളുടെ വീടിന് ഉള്‍പ്പെടെ വലിയ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനിടെയാണ് ഗൗരിക്കും പരുക്കേറ്റത്. സംഘര്‍ഷം നിലനില്‍ക്കുന്ന ആ സാഹചര്യത്തില്‍ പശുക്കിടാവിന് ആവശ്യമായ ചികിത്സ പോലും നല്‍കാന്‍ സാധിച്ചിരുന്നില്ല. കൂടാതെ സംഘര്‍ഷത്തിനു പിന്നാലെ വന്ന കനത്ത മഴയും ഗൗരിയുടെ ചികിത്സ വൈകിപ്പിച്ചു.
പിന്നീടാണ് പ്രശസ്തനായ മൃഗഡോക്ടർ രാജസ്ഥാനില്‍ നിന്നുള്ള ഡോ. തപേഷ് മാത്തൂരിനെ രാജേഷ് സമീപിച്ചത്. ഉടനടി ഡോ തപേഷ്, ഗൗരിയുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ദിവസങ്ങളുടെ പ്രയത്നത്തിലൂടെ ഗൗരിക്ക് കൃഷ്ണക്കാലുകള്‍ ഘടിപ്പിച്ചു. ഒരു പതിറ്റാണ്ടു കാലത്തെ പ്രയത്നത്തിലൂടെ ഡോ മാത്തൂര്‍ വികസിപ്പിച്ചെടുത്തതാണ് കൃഷ്ണക്കാലുകള്‍. 22 സംസ്ഥാനങ്ങളിലായി പശുക്കൾ, കുതിരകൾ, എരുമകൾ, മുയലുകൾ, ആടുകൾ, പക്ഷികൾ എന്നിവയുൾപ്പെടെ 500-ൽ അധികം മൃഗങ്ങളിൽ ഇത്തരം കൃഷ്ണക്കാലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയ ഡോക്ടര്‍ കൂടിയാണ് ഡോ മാത്തൂര്‍.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനിടെ, പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തില്‍ ഈ പരിസരപ്രദേശത്ത് നിരവധി വീടുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.