കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ഗൗതം അദാനിയെ സഹായിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി 34,000 കോടി രൂപ വിവിധ അദാനി കമ്പനികളില്‍ നിക്ഷേപം നടത്തിയെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ട്. അദാനി പോര്‍ട്സ് ആന്‍റ് സെസ് ലിമിറ്റഡ് ബോണ്ടുകള്‍ വഴി അയ്യായിരം കോടിയോളം ഡോളര്‍ സമാഹരിക്കാന്‍ ശ്രമിച്ചപ്പോള്‍ എല്‍ഐസി ഈ ബോണ്ടുകള്‍ മൊത്തമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 2025 മേയ് 30നാണ് ബോണ്ടുകള്‍ വഴി പണം സമാഹരിക്കാന്‍ അദാനി ഒരുങ്ങിയത്. ഇതിന് പിറമെ അദാനി ഗ്രൂപ്പിന്‍റെ കോര്‍പറേറ്റ് ബോണ്ടുകളില്‍ 340 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്‍റ് തുടങ്ങിയ കമ്പനികളില്‍ നിലവിലുള്ള ഓഹരി വിഹിതം വര്‍ധിപ്പിക്കാനും എല്‍ഐസി ശ്രമിച്ചുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
എല്‍ഐസിയില്‍ നിന്നും ധനകാര്യ സേവന വകുപ്പില്‍ നിന്നും സമാഹരിച്ച രേഖകളെ അടിസ്ഥാനമാക്കിയാണ് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ അന്വേഷണവും റിപ്പോര്‍ട്ടും. അന്വേഷണത്തിന്‍റെ ഭാഗമായി ഈ സ്ഥാപനങ്ങളുടെ മുന്‍ ഭാരവാഹികളില്‍ നിന്നും ഇപ്പോഴത്തെ ഭാരവാഹികളില്‍ നിന്നും വിവരം തേടിയിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.അദാനി കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ധനകാര്യ സേവന വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നുവെന്നും നീതി ആയോഗ്, എല്‍ഐസി എന്നിവയുമായി ഇക്കാര്യത്തില്‍ വിശദമായ ആലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും നിക്ഷേപ തീരുമാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പങ്കില്ലെന്നും എല്‍ഐസി വ്യക്തമാക്കി. ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ച നയം അനുസരിച്ചാണ് തീരുമാനങ്ങളെന്നും എല്‍ഐസി വിശദീകരിച്ചു. അസത്യവും അടിസ്ഥാനമില്ലാത്തതും അവാസ്തവവുമാണ് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ എല്‍ഐസി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നത് പോലെ ഒരു രേഖയോ പദ്ധതിയോ എല്‍ഐസി തയാറാക്കിയിട്ടില്ലെന്നും സ്ഥാപനം കൂട്ടിച്ചേര്‍ത്തു.