gold-etf

TOPICS COVERED

സ്വര്‍ണ വില കത്തികയറിയ വര്‍ഷമാണ് കഴിഞ്ഞുപോയത്. നേട്ടം പ്രതീക്ഷിച്ച് ഇടിഎഫുകള്‍ വഴി അടക്കം നിക്ഷേപം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും തിരിച്ചടിയുടെ വര്‍ഷമാണ് 2026. രാജ്യാന്തര സ്വര്‍ണ വില 5,500 ഡോളറിലേക്ക് എത്തിയെങ്കിലും നേട്ടമെല്ലാം നഷ്ടപ്പെടുത്തുന്ന വിലയിടിവാണ് സമീപ ദിവസങ്ങളിലുണ്ടായത്. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് മ്യൂച്വല്‍ ഫണ്ട് കമ്പനിയായ ഡി.എസ്.പി അസറ്റ് മാനേജ്മെന്‍റ്. 

സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക്! വന്‍കയറ്റത്തിന് മുന്‍പ് വാങ്ങാന്‍ അവസരം? സാധ്യതകള്‍ ഇങ്ങനെ

സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപിച്ചാലുള്ള റിസ്ക്– റിവാര്‍ഡ് കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലെന്നും അതിനാല്‍ ഇതൊരു നിക്ഷേപ അവസരമായി കണക്കാക്കാന്‍ സാധിക്കില്ലെന്നുമാണ് ഡി.എസ്.പി അസ്റ്റ് മാനേജ്മെന്‍റ് പറയുന്നത്.

''നിലവിലെ വിലയില്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ നിക്ഷേപിച്ചാല്‍ എത്രലാഭം കിട്ടും, എത്ര നഷ്ടം വരാം എന്ന് കൃത്യമായി കണക്കാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. ഒരു ആസ്തിയുടെ റിസ്ക്– റിവാര്‍ഡ് ഏകദേശമെങ്കിലും കണക്കാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതൊരു നിക്ഷേപ അവസരമായി കാണാന്‍ സാധിക്കില്ല. ഈ അവസ്ഥയില്‍ പുതിയ നിക്ഷേപം നടത്തുന്നത് ബുദ്ധിയല്ല'' ഡി.എസ്.പി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെനസ്വേലന്‍ എണ്ണ വന്നാല്‍ ലാഭം 300 കോടി ഡോളർ! എണ്ണയില്‍ ഇന്ത്യ യു.എസിനൊപ്പമോ? കളം മാറ്റി റഷ്യ

നേരത്തെ കേന്ദ്ര ബാങ്കുകളാണ് സ്വര്‍ണ വിപണിയെ ചലിപ്പിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വന്നിരിക്കുന്നതായും ഡിഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇടിഎഫുകളിലെ ഡിമാന്‍ഡ് ഉയരുന്നത് ഭാവിയിലെ വില വര്‍ധനവ് മുന്നില്‍ കണ്ടല്ല, മറിച്ച് മുന്‍കാലത്തെ മികച്ച റിട്ടേണ്‍ കണ്ടാണ്. നിക്ഷേപകരുടെ സ്വഭാവത്തിലെ ഈ മാറ്റം ഡാറ്റ കാണിക്കുന്നുണ്ട്. ഇടിഎഫ് വിറ്റഴിച്ചവര്‍ വില ഇരട്ടിയായതിന് ശേഷമാണ് വീണ്ടും വാങ്ങുന്നത്. അതേസമയം, കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ 2022 ന് ശേഷം 1000 ടണ്ണിന് താഴേക്ക് പോയി. നിക്ഷേപ ആവശ്യകതയിലുണ്ടാകുന്ന പെട്ടെന്നുള്ള കുതിച്ചുചാട്ടങ്ങൾ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും ഡിഎസ്പി നിരീക്ഷിക്കുന്നു. 

മുന്‍വര്‍ഷങ്ങളില്‍ നിക്ഷേപം നടത്തിയവരാണെങ്കില്‍ ലാഭമെടുത്ത് മാറി നില്‍ക്കാമെന്നും ഡി.എസ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അത് പേരിന് മാത്രമുള്ളതാകണം. മറ്റുള്ളവർ ലാഭമുണ്ടാക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന വിഷമം മറികടക്കാന്‍ ടോക്കൺ SIP തുടങ്ങാവുന്നതാണ്. ചെറിയ തുകയാകണമെന്നും വില ഇടിയുകയാണെങ്കില്‍ പോര്‍ട്ട്ഫോളിയോയെ ബാധിക്കരുതെന്നും ഡിഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. 

സ്വര്‍ണം–വെള്ളി അനുപാതം 45 നും 60തിനും ഇടയിലായിരിക്കുമ്പോള്‍ നിക്ഷേപിക്കുന്നതിന് പകരം 80 തിനും 100 നും ഇടയിലായിരിക്കുമ്പോള്‍ നിക്ഷേപിക്കുന്നതാണ് യുക്തിസഹം. സമീപകാലത്തെ വിലയിടിവ് ഓവര്‍വാല്യുവേഷനെ കുറച്ചിട്ടുണ്ടെങ്കിലും റിസക്–റിവാര്‍ഡ് കണ്ടെത്തല്‍ പ്രയാസമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ ആസ്തികളും വില കുതിച്ചത് പോലെ താഴേക്കും വരും. സ്വർണ്ണവും വെള്ളിയും വാങ്ങാൻ ഇനിയും നല്ല അവസരങ്ങൾ വരും, എന്നാൽ ആ സമയം ഇപ്പോഴല്ലെന്നാണ് ഡിഎസ്പിയുടെ വിലയിരുത്തല്‍. 

ENGLISH SUMMARY:

DSP Asset Management has issued a warning to investors regarding gold. The current market conditions make it difficult to accurately assess the risk and reward of investing in gold and silver, making it an unfavorable investment opportunity.