എണ്ണ ഇറക്കുമതിയില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യക്കാരുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാറിന്‍റെ മുൻഗണന എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞത്. വേണമെങ്കില്‍ വെനസ്വേലന്‍ എണ്ണ വാങ്ങാമെന്ന് പറയുമ്പോഴും റഷ്യന്‍ എണ്ണയെ തള്ളുന്ന നിലപാട് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. അങ്ങനെയെങ്കില്‍ ഇന്ത്യയ്ക്ക് കിട്ടാന്‍ പോകുന്ന ലാഭം 300 കോടി ഡോളറാണെന്നാണ് ഏകദേശ കണക്ക്.
ഇന്ത്യ– യു.എസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപാണ് ഇന്ത്യ ഇനി റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പറഞ്ഞത്. പകരം യു.എസില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യും എന്നാണ് ട്രംപ് പറഞ്ഞത്. ഇതിനോട് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്നു നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഊര്‍ജ സ്രോതസുകള്‍ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വെനസ്വേല അടക്കമുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണത്തിന്‍റെ വാണിജ്യപരമായ ഗുണങ്ങൾ പരിശോധിക്കാന്‍ ഇന്ത്യ തയ്യാറാണ്. 2019-20 കാലത്തും 2023-24 കാലത്തും ഇന്ത്യ വെനസ്വേലന്‍ എണ്ണ വാങ്ങിയിട്ടുണ്ട്. ഊർജ സുരക്ഷ പരിഗണിച്ച് വെനസ്വേല അടക്കം എവിടെ നിന്നും എണ്ണ വാങ്ങാനുള്ള സാധ്യത ഇന്ത്യ തുറന്നിരിക്കുകയാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വെനസ്വേലന്‍ എണ്ണ വാങ്ങിയാല്‍ ലാഭം?
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് വെനസ്വേലയിൽ നിന്നുള്ള എണ്ണ വാങ്ങുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ലാഭമാകും എന്നാണ് എസ്ബിഐ റിസര്‍ച്ച് പറയുന്നത്. ബാരലിന് 10–12 ഡോളർ കിഴിവ് ലഭിച്ചാല്‍ ഇന്ത്യൻ ഇറക്കുമതിക്കാർക്ക് വാണിജ്യപരമായി ലാഭകരമാക്കും. അങ്ങനെയങ്കില്‍ ഇന്ത്യയ്ക്ക് ഏകദേശം 300 കോടി ഡോളർ (3 ബില്യണ്‍ ഡോളര്‍) ലാഭിക്കാനാകും എന്നാണ് എസ്ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവില്‍ ബാരലിന് 51 ഡോളറിലാണ് വെനസ്വേലന്‍ എണ്ണ ലഭിക്കുന്നത്. ഡിസ്ക്കൗണ്ട്, ഷിപ്പിങ് കാലതാമസം, ഇന്‍ഷൂറന്‍സ് ചാര്‍ജ് അടക്കമുള്ളവ പരിഗണിച്ചാണ് റഷ്യന്‍ എണ്ണയും വെനസ്വേലന്‍ എണ്ണയും തമ്മിലുള്ള ലാഭമെന്നും എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഈ ഡീലിലെ പ്രതിസന്ധി വെനസ്വേലയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ദൂരമാണ്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഷിപ്പിങ് റൂട്ടുകളേക്കാൾ അഞ്ചിരട്ടിയും റഷ്യയിൽ നിന്നുള്ള റൂട്ടുകളേക്കാൾ ഇരട്ടിയും ദൂരമാണ് വെനസ്വേലയില്‍ നിന്ന് ഇന്ത്യയിലേക്ക്.
കളം മാറ്റി റഷ്യ
ഇന്ത്യ പിന്മാറിയാലുള്ള നഷ്ടം നികത്താന്‍ ചൈനീസ് ഇറക്കുമതി ഡിമാന്‍ഡ് കൂട്ടുകയാണ് റഷ്യ. നേരത്തെ 7-8 ഡോളറായിരുന്ന ഇളവ് ഒന്‍പത് ഡോളറിലേക്ക് എത്തിയെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ പിന്മാറിയാല്‍ റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാര്‍ ചൈന മാത്രമാകും. അതിനാല്‍ ഡിമാൻഡ് വര്‍ധിപ്പിക്കുന്നതിനാണ് വില ഇളവ്. സാധാരണ ഗതിയില്‍ ഇന്ത്യ റഷ്യയില്‍ നിന്നും 8 ലക്ഷം മുതല്‍ 10 ലക്ഷം ബാരല്‍ എണ്ണ പ്രതിദിനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 17-21 ശതമാനമാണിത്.