TOPICS COVERED

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി നവംബര്‍ പകുതിയോടെ കുത്തനെ കുറയ്ക്കാന്‍ ഇന്ത്യന്‍‌ കമ്പനികള്‍. മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധ്യത തേടി. റഷ്യൻ എണ്ണ ഭീമന്‍മാരായ കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ പെടുത്തിയതോടെയാണ് പുതിയ നീക്കം.

റഷ്യന്‍ എണ്ണ വാങ്ങല്‍ കുറയുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്ക, യുഎസ്, കാനഡ, പടിഞ്ഞാറന്‍ അഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യ വാങ്ങും. യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പിനികളുമായി ഇടപാട് നടത്തുന്നവര്‍ വലിയ പിഴയൊടുക്കണം. യുഎസിന്‍റെ ഈ ഭീഷണിയാണ് റിലയന്‍സും കേന്ദ്ര പൊതുമേഖലാ എണ്ണ കമ്പനികളെയും റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഒറ്റയടിക്ക് റഷ്യന്‍ എണ്ണ നിര്‍ത്തുക പ്രായോഗികമല്ല. എങ്കിലും വര്‍ഷാവസാനത്തോടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഗണ്യമായ കുറവ് വരുത്തും. നിലവില്‍ ഇന്ത്യയുടെ ആകെ എണ്ണ ഉപയോഗത്തിന്‍റെ മൂന്നിലൊന്നും റഷ്യയില്‍നിന്നാണ്. പ്രതിദിനം 1.7 മില്യണ്‍ ബാരല്‍. ഇതില്‍ 1.2 മില്യണ്‍ ബാരലും യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ റോസ്നെഫ്റ്റ്, ലുക്കോയില്‍ എന്നീ റഷ്യന്‍ കമ്പിനികളില്‍നിന്നാണ് വാങ്ങുന്നത്. റിലയന്‍സ് 25 വര്‍ഷത്തെ കരാറാണ് റോസ്നെഫ്റ്റുമായി ഏര്‍പ്പെട്ടിട്ടുള്ളത്. പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ എണ്ണയാണ് റിലയന്‍സ് റോസ്നെഫ്റ്റില്‍നിന്ന് വാങ്ങുന്നത്. റഷ്യയില്‍നിന്ന് ഇടനില കമ്പിനി വഴി എണ്ണ വാങ്ങിയാലും അസംസ്കൃത എണ്ണയുടെ ഇറക്കുമതിച്ചെലവ് ഉയരും. അതിനാല്‍, റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുകയാല്ലാതെ ഇന്ത്യന്‍ കമ്പനികള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. റഷ്യന്‍ എണ്ണയുടെ വരവ് കുറയുമ്പോള്‍ രാജ്യാന്തര വിപണിയില്‍ ഇന്ധന വിലവര്‍ധനയുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

ENGLISH SUMMARY:

Russian oil import is set to decrease significantly by Indian companies by mid-November. This shift is influenced by US sanctions and the exploration of alternative oil-producing nations for supply agreements.