പൊലീസ് ഇൻസ്പെക്ടർക്കെതിരെ കര്‍ണാടക പൊലീസ് മേധാവിക്ക് യുവതി നല്‍കിയ പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരി പരാതി നല്‍കിയത്. ഭാര്യയും മക്കളും വീട്ടിലില്ലെന്നും വീട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് ഇന്‍സ്പെക്ടര്‍ അയച്ച സന്ദേശമുള്‍പ്പെടെ യുവതി തെളിവായി നല്‍കി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം.
ബ്യൂട്ടീഷ്യനായ യുവതി ഒന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സാമ്പത്തികതട്ടിപ്പു കേസുമായി ബന്ധപ്പെട്ട പരാതിയുമായി എത്തിയപ്പോഴാണ് ഇന്‍സ്പെക്ടര്‍ ഫോണ്‍ നമ്പര്‍ വാങ്ങുന്നതും ബന്ധം തുടരുന്നതും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് യുവതി പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കേസില്‍ തന്നെ സഹായിക്കാമെന്ന് പറഞ്ഞെന്നും പ്രതിയായ ഉദ്യോഗസ്ഥൻ യുവതിക്ക് സന്ദേശങ്ങൾ അയക്കാൻ ആരംഭിച്ചെന്നും പരാതിയില്‍ പറയുന്നു.
ഇന്‍സ്പെക്ടറുടെ സന്ദേശങ്ങളോട് യുവതിയും പ്രതികരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം താൻ ഒറ്റയ്ക്കാണെന്നും ഭാര്യ വെളിയിൽ പോയിരിക്കുകയാണെന്നും പറഞ്ഞ് പ്രതി യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചുവെന്നും ശാരീരികബന്ധം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പിന്നാലെ ഹോട്ടല്‍മുറിയിലെത്തിച്ചും പീഡിപ്പിച്ചെന്നും പരാതിപ്പെടുന്നു.
യുവതിക്കായി ഒരു വീട് കണ്ടെത്താമെന്ന് പറഞ്ഞെങ്കിലും യുവതി കണ്ടെത്തിയ എല്ലാ വീടുകളും ഇന്‍സ്പെക്ടര്‍ നിരസിച്ചെന്നും കബളിപ്പിച്ചെന്നും പരാതിക്കാരി ആരോപിച്ചു. പിന്നാലെ സുനിൽ തന്നെ ഒഴിവാക്കാൻ തുടങ്ങിയപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയതെന്നും തുടര്‍ന്നാണ് കർണാടക ഡയറക്ടർ ജനറൽ ആൻഡ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഓഫീസിൽ പരാതി നൽകുന്നതെന്നും യുവതി പറയുന്നു.