cj-babu-cj-roy-2

പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ മരണത്തിൽ, ആദായനികുതി വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹോദരൻ സി.ജെ. ബാബു രംഗത്തെത്തി. 'ഐടി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം നേരിട്ടിരുന്നെന്നും, എപ്പോഴാണ് തിരികെ വരുന്നത് എന്ന് ചോദിച്ച് മരണദിവസം രാവിലെ 10:40-ന് സി.ജെ. റോയി തന്നെ വിളിച്ചിരുന്നതായും' സഹോദരൻ ബാബു വെളിപ്പെടുത്തി. താൻ അപ്പോൾ തായ്‍ലൻഡിലായിരുന്നു. ആത്മഹത്യ ചെയ്യത്തക്ക മറ്റ് പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതകളോ റോയിക്ക് ഉണ്ടായിരുന്നില്ലെന്ന് ബാബു പറഞ്ഞു. കൊച്ചിയിൽ നിന്നുള്ള ഇൻകം ടാക്സ് അഡീഷണൽ കമ്മീഷണർ മാനസികമായി പീഡിപ്പിച്ചിരുന്നതായും ബാബു ആരോപിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി വരികയായിരുന്നുവെന്നും, ഒരു മാസത്തോളമായി റോയ് കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാംഗ്ലൂരിലെ ബൗറിങ് ആശുപത്രിയിൽ സി.ജെ. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ കർണാടക പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ, ഫോൺ വിളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സി.ജെ. റോയിയുടെ മരണത്തെക്കുറിച്ച് കർണാടക സിഐഡി അന്വേഷണം നടത്തും. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ അന്വേഷണം വ്യാപിപ്പിക്കും. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടറും പരാതി നൽകിയിട്ടുണ്ട്. 

അതേസമയം, സരാജ്യത്തെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ ആത്മഹത്യ ആദായ നികുതി വകുപ്പിനെയും കേന്ദ്ര സർക്കാരിനെയും കടുത്ത സമ്മർദ്ദത്തിലാക്കുന്നു. വൻ പ്രതിസന്ധികളെ തരണം ചെയ്ത ചരിത്രമുള്ള റോയി, കേവലം ഒരു മണിക്കൂർ നേരെത്തെ ചോദ്യം ചെയ്യലിനു ശേഷം ജീവനൊടുക്കാനുണ്ടായ സാഹചര്യം ആദായ നികുതി വകുപ്പ് വിശദീകരിക്കേണ്ടി വരും.  ആദായ നികുതി റെയ്ഡുകൾക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ഇതോടെ കനക്കും. സി.ജെ.റോയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ബെംഗളൂരുവില്‍ നടക്കും. രാവിലെ സഹോദരന്‍റെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചവരെ പൊതുദര്‍ശനത്തിന് വച്ച് ശേഷമാകും സംസ്കരിക്കുക. സംഭവത്തില്‍ കര്‍ണാടക പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

തെക്കെ ഇന്ത്യയിലും ദുബൈയിലും സാന്നിധ്യമുള്ള ശത‌കോടികൾ ആസ്തിയുള്ള നിർമാണ കമ്പനി ഉടമ. കൊച്ചിയിൽ എളിയ നിലയിൽ തുടങ്ങി ബെംഗളൂരു  നഗരത്തിന്റെ മുഖഛായ മാറ്റുന്നതിൽ മുന്നിൽ നിന്നവരിൽ ഒരാളെന്ന ഖ്യാതിയുള്ള ബിൽഡർ. ഇങ്ങനെയുള്ള സി.ജെ. റോയ്  ആദായ നികുതി വകുപ്പിന്റെ റെയ്ഡ് ഭയന്ന് ആത്മഹത്യ ചെയ്യുമോയെന്നാണ് അടുപ്പക്കാരും സുഹൃത്തുക്കളും ചോദിക്കുന്നത്. മനസിന്റെ പിടിവിട്ടു പോകാൻ മാത്രം  ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഉണ്ടായത്  എന്താണെന്  റെയ്ഡിനെത്തിയ  ഉദ്യോഗസ്ഥർ വിശദീകരിക്കേണ്ടി വരും.  കേന്ദ്ര സർക്കാർ  പ്രത്യേക അന്വേഷണം പ്രഖ്യാപിക്കണമെന്ന്  കർണാടക സർക്കാർ ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു. പേരുദോഷം  കേൾപ്പിക്കാത്ത വ്യവസായി ആയിരുന്നു റോയി എന്ന് എടുത്തു പറഞ്ഞ കർണാടക ഉപമുഖ്യ മന്ത്രി  ഡി.കെ. ശിവകുമാർ ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ തിരിച്ചു കഴിഞ്ഞു.

കേസ് അന്വേഷിക്കുന്ന ബെംഗളുരു സെൻട്രൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവിലെത്തിയ റോയിയുടെ കുടുംബം പരാതി നൽകുന്നതടക്കമുള്ള  നടപടികൾ  മുന്നോട്ടു പോകും. റെയ്ഡിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് ജീവനക്കാർ  മൊഴി നൽകിയതും കേസിൽ നിർണായകമാണ്.

ENGLISH SUMMARY:

In the death of C.J. Roy, owner of the prominent real estate firm Confident Group, his brother C.J. Babu has come forward with serious allegations against the Income Tax Department. Babu revealed that “Roy had been under intense pressure from the IT department, and on the day of his death, at 10:40 AM, Roy himself had called asking when I would return.” He added that he was in Thailand at the time.