പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം ഐഎന്‍എസ് വിക്രാന്തില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പമായിരുന്നു. ഗോവയുടെയും കാർവാറിന്റെയും തീരത്തായിരുന്നു ആഘോഷം നടത്തിയത്. നൂറുകണക്കിനു ധീര സൈനികര്‍ക്കൊപ്പം മറ്റൊരു ധീരന്റെ സാന്നിധ്യത്തില്‍ നില്‍ക്കാന്‍ സാധിക്കുന്നതില്‍ അങ്ങേയറ്റം അഭിമാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘ഇന്ന് അദ്ഭുതവും അവിസ്മരണീയവുമായ ദിവസമാണ്. ഒരു വശത്ത് സമുദ്രം, മറുവശത്ത് ഭാരതാംബയുടെ ധീരരായ സൈനികരുടെ ശക്തി’–ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ സായുധ സേനയുടെ കഴിവുകളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു.
‘ഏതാനും മാസങ്ങൾക്ക് മുമ്പ്, വിക്രാന്ത് പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കി, ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് ആരംഭിച്ച ’ഓപ്പറേഷൻ സിന്ദൂര്‍’ പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
പാക്കിസ്ഥാന് വിക്രാന്ത് നല്‍കിയ ഉറക്കമില്ലാത്ത രാത്രികള്‍, നാവികസേന നല്‍കിയ ഭയം, വ്യോമസേന പ്രകടിപ്പിച്ച അസാധാരണമായ വൈദഗ്ദ്ധ്യം, കരസേനയുടെ ധീരത, മൂന്ന് ശക്തികളുടേയും ഏകോപനം, ഇതെല്ലാം ഒത്തുചേര്‍ന്നതുകൊണ്ടാണ് ദിവസങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനെ മുട്ടുകുത്തിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഐഎൻഎസ് വിക്രാന്ത് ഒരു യുദ്ധക്കപ്പൽ മാത്രമല്ല, 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റേയും കഴിവിന്റേയും സ്വാധീനത്തിന്റേയും പ്രതിബദ്ധതയുടേയും തെളിവ് കൂടിയാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
ബ്രഹ്മോസും ആകാശും വാങ്ങാന്‍ നിരവധി രാജ്യങ്ങൾ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നുവെന്നും പറഞ്ഞ പ്രധാനമന്ത്രി ആഘോഷത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പിന്നീട് എക്സില്‍ പങ്കുവച്ചു. കഴിഞ്ഞ വർഷം, ഗുജറാത്തിലെ കച്ചിലുള്ള ഇൻഡോ-പാക് അതിർത്തിക്ക് സമീപം ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, ആർമി, നേവി, എയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.