ദീപാവലിയുമായി ബന്ധപ്പെട്ട് എസ്.പി. നേതാവ് അഖിലേഷ് യാദവ് നടത്തിയ പരാമര്‍ശം വിവാദത്തില്‍. വിളക്കുകത്തിച്ച് പണം ചെലവാക്കുന്നത് എന്തിന് എന്നായിരുന്നു ചോദ്യം. രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി.
ഇന്നലെ ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് അഖിലേഷ് യാദവിന്‍റെ വിവാദ പരാമര്‍ശം. ദീപാവലി സമയത്ത് വിളക്കുകളും മെഴുകുതിരികളും കത്തിച്ച് പണം ചെലവാക്കുന്നത് എന്തിനാണെന്നും ക്രിസ്മസ് കാലത്തേതു പോലെ ഇലക്ട്രിക് ലൈറ്റ് തെളിച്ചാല്‍ മതി എന്നുമാണ് പറഞ്ഞത്. ദീപാവലിയോടനുബന്ധിച്ച് യു.പി. സര്‍ക്കാര്‍ അയോധ്യയില്‍ സരയൂതീരത്ത് 28 ലക്ഷം ദീപം തെളിയിക്കുന്നത് ഉന്നമിട്ടായിരുന്നു പ്രതികരണം. പരാമര്‍ശം ഞെട്ടിക്കുന്നതും ഹിന്ദു വിശ്വാസത്തെ അപമാനിക്കുന്നതും ആണെന്ന് ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാള്‍വ്യ പ്രതികരിച്ചു. ഹിന്ദു ആഘോഷങ്ങളോടുള്ള അസഹിഷ്ണുതയാണ് പ്രകടമാകുന്നതെന്ന് ബി.ജെ.പി. വക്താവ് മുക്താര്‍ അബ്ബാസ് നഖ്‌വിയും പറഞ്ഞു.
ദീപാവലി സമയത്ത് ക്രിസ്മസ് ആഘോഷത്തെ പുകഴ്ത്തുകയാണ് അഖിലേഷ് എന്ന് വി.എച്ച്.പി കുറ്റപ്പെടുത്തി. ദീപങ്ങള്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്നു എന്നും വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു.