എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ അതിഥികൾക്ക് മുന്നിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ച കോൺഗ്രസ് നടപടി രാജ്യത്തെയാകെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'കോൺഗ്രസ് നഗ്നരാണെന്ന് ജനം നേരത്തെ തിരിച്ചറിഞ്ഞതാണ്, പിന്നെ എന്തിനാണ് വസ്ത്രം ഊരിയുള്ള ഈ പ്രതിഷേധം' എന്ന് അദ്ദേഹം പരിഹസിച്ചു.
ഇന്ത്യയുടെ നേട്ടങ്ങൾ അംഗീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് അവർ പിന്തുടരുന്നതെന്നും മോദി പറഞ്ഞു. ഈ പ്രതിഷേധത്തിൽ മറ്റ് പ്രതിപക്ഷ പാർട്ടികളെ അദ്ദേഹം ഒഴിവാക്കി നിർത്തി എന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിന്റെ പാപം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും ഇന്ത്യ സഖ്യത്തിലെ മറ്റ് കക്ഷികൾ ഈ പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിലേഷ് യാദവ് അടക്കമുള്ളവർ പ്രതിഷേധത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചത് മുൻനിർത്തി കോൺഗ്രസിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.
അതേസമയം, എ.ഐ ഉച്ചകോടിക്കിടെ നടത്തിയ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു.പ്രതിഷേധം ന്യായമായിരുന്നെങ്കിലും തിരഞ്ഞെടുത്ത സ്ഥലം ശരിയായില്ലെന്നാണ് ഇന്ത്യ മുന്നണി ഘടകകക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍.ജെ.ഡിയുടെയും നിലപാട്. അതേസമയം പ്രതിഷേധിച്ചതില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന നീക്കങ്ങള്‍ ഒഴിവാക്കണമായിരുന്നു എന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവും പ്രതിഷേധിക്കാന്‍ മറ്റൊരിടം കണ്ടെത്തണമായിരുന്നു എന്ന് ആര്‍.ജെ.ഡി എം.പി മനോജ് ഝായും പറഞ്ഞു. കോണ്‍ഗ്രസ് പ്രതിഷേധം രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി പ്രതികരിച്ചു. അതേസമയം പ്രതിഷേധിച്ചതില്‍ തെറ്റില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.