തെലുങ്ക് സൂപ്പര്‍താരം രാംചരണും ഭാര്യ ഉപാസന കാമിനേനിക്കും ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ഇരട്ടി പൊലിമ. രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് താരദമ്പതികള്‍. ദീപാവലി ദിനത്തില്‍ ഉപാസനയ്ക്ക് സമ്മാനങ്ങളുമായി എത്തുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് രാംചരണ്‍ സന്തോഷവാര്‍ത്ത അറിയിച്ചത്. ഉപാസനയ്ക്ക് പ്രിയപ്പെട്ടവരും ബന്ധുക്കളും സമ്മാനം നൽകുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
'ഈ ദീപാവലിക്ക് ആഘോഷം ഇരട്ടിയാണ്, സ്നേഹം ഇരട്ടിയാണ്, അനുഗ്രഹങ്ങൾ ഇരട്ടിയാണ്"എന്നാണ് കുറിപ്പിലുള്ളത്. 'പുതിയ തുടക്കം' എന്ന വാചകത്തിലാണ് വിഡിയോ അവസാനിക്കുന്നത്. 2023 ജൂൺ 20 നാണ് രാം ചരണിന്‍റെയും ഉപാസനയുടെയും ആദ്യത്തെ കുഞ്ഞ് ക്ളിൻ കാര കൊനിഡേല ജനിച്ചത്.
‘പെഡ്ഡി’ എന്ന ചിത്രത്തിലാണ് രാം ചരൺ ഇപ്പോൾ അഭിനയിക്കുന്നത്. ജനുവരിയില്‍ പുറത്തിറങ്ങിയ തെലുങ്ക് പൊളിറ്റിക്കൽ ആക്ഷൻ ചിത്രം 'ഗെയിം ചേഞ്ചറാ'ണ് താരത്തിന്‍റേതായി അവസാനമായി തിയേറ്ററിലെത്തിയത്. ചിത്രത്തിലെ ഇരട്ട വേഷവും കിയാര അദ്വാനി, അഞ്ജലി എന്നിവര്‍ക്കൊപ്പമുള്ള പ്രകടനവും ശ്രദ്ധേയമായിരുന്നു. സംവിധായകൻ ശങ്കറിന്റെ തെലുങ്ക് അരങ്ങേറ്റമായിരുന്ന ചിത്രം ആദ്യ ദിനത്തിൽ വൻ കളക്ഷൻ നേടിയെങ്കിലും പിന്നീട് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല.